06/08/2026
[fontresizer_tawhidurrahmandear_widget]

സഹോദരനെ ജയിലിൽ സന്ദർശിക്കാൻ പോകുന്നതിനിടെ വാഹനാപകടം; അതീഖ് അഹമ്മദിന്റെ മകൻ മരിച്ചു

 സഹോദരനെ ജയിലിൽ സന്ദർശിക്കാൻ പോകുന്നതിനിടെ വാഹനാപകടം; അതീഖ് അഹമ്മദിന്റെ മകൻ മരിച്ചു

ലഖ്നൗ: കൊല്ലപ്പെട്ട മുൻ സമാജ്‌വാദി പാർട്ടി എം.പിയും ഉത്തർപ്രദേശിലെ ഗുണ്ടാത്തലവനുമായിരുന്ന അതീഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദ് വാഹനാപകടത്തിൽ മരിച്ചു. ഝാൻസി ജില്ലാ ജയിലിൽ കഴിയുന്ന മൂത്ത സഹോദരൻ അലി അഹമ്മദിനെ സന്ദർശിക്കാൻ പോകുന്ന വഴിയായിരുന്നു അപകടം. അബാനോടൊപ്പം വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് സോനുവും അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

പൂഞ്ച് പോലീസ് സ്‌റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നത്. അബാനും സംഘവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. വാഹനത്തിൽ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബാനും സോനുവും അപ്പോഴേക്കും മരിച്ചിരുന്നു. പരിക്കേറ്റ മറ്റ് മൂന്ന് പേർ ചികിത്സയിലാണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതീഖിന്റെ മൂത്ത മകൻ അലി അഹമ്മദ് ഒരു കവർച്ചാ കേസുമായി ബന്ധപ്പെട്ട് കീഴടങ്ങിയതിനെ തുടർന്നാണ് ജയിലിലായത്. കഴിഞ്ഞ വർഷം പ്രയാഗ്‌രാജിലെ നൈനി ജയിലിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ഇയാളെ ഝാൻസി ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. ബി.എസ്.പി എം.എൽ.എ രാജു പാൽ വധക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ 2023 ഫെബ്രുവരിയിൽ കൊലപ്പെടുത്തിയ കേസിലും അലി പ്രതിയാണ്. ജയിലിനുള്ളിൽ കിടന്നാണ് അലി കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

പിതാവായ അതീഖ് അഹമ്മദിന്റെ കൊലപാതകത്തിന് ശേഷം ഐ.എസ്-227 എന്ന ക്രിമിനൽ സംഘത്തിന്റെ ചുമതല അലി അഹമ്മദ് ഏറ്റെടുത്തതായും പോലീസിന്റെ റിപ്പോർട്ടുകളിലുണ്ട്. നൂറിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അതീഖ് അഹമ്മദും സഹോദരൻ അഷ്റഫും 2023-ൽ പോലീസ് കസ്റ്റഡിയിലിരിക്കെയാണ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ ഇരുവരേയും പോലീസിന്റെ മുന്നിലിട്ട് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Also read: