06/08/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യൻ വ്യോമസേന എന്റെ തലച്ചോർ ഹാക്ക് ചെയ്തു’; വ്യോമതാവളത്തിൽ പെട്രോൾ ബോംബെറിയാൻ ശ്രമിച്ച പ്രൊഫസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

 ‘ഇന്ത്യൻ വ്യോമസേന എന്റെ തലച്ചോർ ഹാക്ക് ചെയ്തു’; വ്യോമതാവളത്തിൽ പെട്രോൾ ബോംബെറിയാൻ ശ്രമിച്ച പ്രൊഫസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

പ്രതീകാത്മക ചിത്രം(എ.ഐ)

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഇന്ത്യൻ വ്യോമസേനാ താവളത്തിന് നേരെ പെട്രോൾ ബോംബെറിയാൻ ശ്രമിച്ച കോളേജ് പ്രൊഫസറെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇയാൾ നൽകിയ പരസ്പരവിരുദ്ധമായ മൊഴികളും അസ്വാഭാവിക പെരുമാറ്റവും കണക്കിലെടുത്ത് കോടതി നിർദേശപ്രകാരമാണ് ചികിത്സയ്ക്കായി മാറ്റിയത്.

ചൊവ്വാഴ്ച രാത്രിയാണ് അതീവ സുരക്ഷാ മേഖലയായ ഗ്വാളിയോർ മഹാരാജ്പുരയിലെ വ്യോമതാവളത്തിന് നേരെ ആക്രമണശ്രമം ഉണ്ടായത്. ബിയർ കുപ്പികളിൽ പെട്രോൾ നിറച്ച് പ്രധാന ഗേറ്റിന് സമീപത്തെത്തിയ ഇയാൾ ബോംബെറിയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനുശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി വിചിത്രമായ മൊഴികൾ നൽകിയത്.

ആന്ധ്രാപ്രദേശിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ് താനെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇന്ത്യൻ വ്യോമസേന തന്റെ തലച്ചോർ ഹാക്ക് ചെയ്തിരിക്കുകയാണെന്നും, തന്നെ പൂർണ്ണമായും നിയന്ത്രിക്കുന്നത് വ്യോമസേനയാണെന്നും ഇയാൾ അവകാശപ്പെട്ടു. ഈ നിയന്ത്രണം കാരണമാണ് താൻ ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ കയറി ഗ്വാളിയോറിൽ എത്തിയതെന്നും വ്യോമതാവളത്തിന് നേരെ ആക്രമണം നടത്താൻ തീരുമാനിച്ചതെന്നും പ്രതി പോലീസിന് മൊഴി നൽകി.

ഇയാളുടെ പെരുമാറ്റത്തിൽ കടുത്ത മാനസിക പ്രശ്നങ്ങൾ പ്രകടമായതോടെയാണ് പോലീസും തുടർനടപടികളിലേക്ക് കടന്നത്. പ്രതിയുടെ ബന്ധുക്കളെ വിവരമറിയിച്ചതായും, ഇയാൾ മുൻപും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി അവർ വ്യക്തമാക്കിയെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇയാളുമായി യാതൊരു സമ്പർക്കവുമില്ലായിരുന്നുവെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നിലവിൽ ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also read: