10/08/2026
[fontresizer_tawhidurrahmandear_widget]

‘ശുദ്ധപെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽനിന്ന് വരുമോ?’; ഇ20 നയത്തെ വിമർശിച്ചവരോട് കയർത്ത് ബിജെപി എം.പി

 ‘ശുദ്ധപെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽനിന്ന് വരുമോ?’; ഇ20 നയത്തെ വിമർശിച്ചവരോട് കയർത്ത് ബിജെപി എം.പി

ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ ഇ20 എഥനോൾ മിശ്രിത നയത്തെ ന്യായീകരിച്ചും വിമർശകർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചും മധ്യപ്രദേശിലെ രേവയിൽ നിന്നുള്ള ബിജെപി എം.പി ജനാർദൻ മിശ്ര. എഥനോൾ കലർത്തിയ പെട്രോളിനെതിരെ പ്രതികരിക്കുന്നവർ രാജ്യത്ത് ശുദ്ധപെട്രോൾ എവിടെനിന്ന് കൊണ്ടുവരുമെന്ന് അദ്ദേഹം ചോദിച്ചു. ‘ശുദ്ധപെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് വരുമോ?’ എന്ന എം.പിയുടെ ചോദ്യം ഇതിനോടകം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇ20 ഇന്ധനത്തെക്കുറിച്ചും വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചും രാജ്യത്ത് വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് എം.പിയുടെ ഈ പരാമർശം.

പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്ന നയത്തെ പൂർണ്ണമായി പിന്തുണച്ച എം.പി, ഇന്ത്യയുടെ ഇന്ധന ആവശ്യകതകളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടി. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 20 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി 80 ശതമാനവും വിദേശരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും എണ്ണ കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം എണ്ണക്കപ്പലുകൾക്ക് ചിലപ്പോൾ 18,000 കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ട്. ഇത്തരം വെല്ലുവിളികൾ നേരിടാനും പരിഹരിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന പദ്ധതിക്ക് രൂപം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

എഥനോൾ ഉത്പാദനം പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ പെട്രോളും ഡീസലും എവിടെനിന്ന് ലഭിക്കുമെന്ന് ചോദിച്ച എം.പി, ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ തികച്ചും അനാവശ്യമാണെന്നും കുറ്റപ്പെടുത്തി. ലോകത്ത് ഏറ്റവും കൂടുതൽ എഥനോൾ ഉത്പാദിപ്പിക്കുന്ന ബ്രസീലിലെ വാഹനങ്ങൾ പൂർണ്ണമായും എഥനോളിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ വാഹനങ്ങൾക്കും എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കാൻ ശേഷിയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിന് കേടുപാടുകൾ വരുത്തില്ലെന്ന് ഇന്ത്യയിലെ വിദഗ്ധർ സ്ഥിരീകരിച്ചിട്ടുള്ളതായും അദ്ദേഹം അവകാശപ്പെട്ടു.

20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ ഉപയോഗിച്ച് നടത്തിയ വിപുലമായ പരീക്ഷണങ്ങളിൽ എൻജിൻ തേയ്മാനമോ, തുരുമ്പെടുക്കലോ, വാഹനത്തിന്റെ ആയുസ്സ് കുറയുന്നതായോ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെയും ഔദ്യോഗിക വിശദീകരണം. പെട്രോളിയം ഇതര ഇന്ധനങ്ങളായ ബയോഗ്യാസ്, സി.എൻ.ജി എന്നിവ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നടപടികളെയും, വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളെയും ജനാർദൻ മിശ്ര പ്രശംസിച്ചു.

Also read: