05/09/2026
[fontresizer_tawhidurrahmandear_widget]

‘വാഗ്ദാനങ്ങൾ പാലിക്കാതെ കേന്ദ്ര സർക്കാർ രാജ്യത്തെ യുവാക്കളെ വഞ്ചിച്ചു’; വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി സിജെപി

 ‘വാഗ്ദാനങ്ങൾ പാലിക്കാതെ കേന്ദ്ര സർക്കാർ രാജ്യത്തെ യുവാക്കളെ വഞ്ചിച്ചു’; വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി സിജെപി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി വീണ്ടും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ രാജ്യത്തെ യുവാക്കളുടെ വിശ്വാസം തകർക്കുകയും വിദ്യാർത്ഥികളെ വഞ്ചിക്കുകയുമാണെന്ന് സിജെപി നേതൃത്വം കുറ്റപ്പെടുത്തി.

സമാധാനപരമായി നടന്ന പ്രക്ഷോഭം അവസാനിപ്പിക്കാൻ വാഗ്ദാനങ്ങൾ നൽകുകയും തെരുവുകളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോയ ശേഷം അതിൽ നിന്ന് പിന്മാറാൻ ശ്രമിക്കുകയും ചെയ്യുന്നത് ഒരു തലമുറയെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമാണെന്നും, രാജ്യത്തെ യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ സർക്കാർ അക്ഷരംപ്രതി പാലിക്കണമെന്നും സംഘടന ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന്റെ പട്ടിക സമർപ്പിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി സംഘടന നാളെ പ്രത്യേക യോഗം ചേരുമെന്നും, രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും പിന്തുണയ്ക്കുന്നവരും അടുത്തഘട്ട പ്രക്ഷോഭത്തിനായി തയ്യാറെടുക്കണമെന്നും സിജെപി സഹ കൺവീനർ സൗരവ് ദാസും നിയമകാര്യ മേധാവി രത്ന സിങ്ങും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സർക്കാർ പ്രതിനിധികൾ ഇതുവരെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ചകൾക്ക് തയ്യാറായിട്ടില്ലെന്നും, നീറ്റ് പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സംഘടന ആരോപിച്ചു. ശക്തമായ സമരങ്ങളിലൂടെ മുൻപ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, യുവാക്കൾക്ക് നൽകിയ ഓരോ ഉറപ്പും പൂർണ്ണമായി പാലിക്കപ്പെടുന്നതുവരെ വിട്ടുവീഴ്ചയില്ലാതെ പോരാട്ടം തുടരുമെന്നും സിജെപി നേതാക്കൾ വ്യക്തമാക്കി.

Also read: