04/09/2026
[fontresizer_tawhidurrahmandear_widget]

‘മാസം വരുമാനം 10,000 രൂപ, വന്നത് 3 കോടിയുടെ ജിഎസ്ടി നോട്ടീസ്’; ജോലിയും റേഷൻ കാർഡും നഷ്ടപ്പെട്ട് പെരുവഴിയിലായി സെക്യൂരിറ്റി ഗാർഡ്

 ‘മാസം വരുമാനം 10,000 രൂപ, വന്നത് 3 കോടിയുടെ ജിഎസ്ടി നോട്ടീസ്’; ജോലിയും റേഷൻ കാർഡും നഷ്ടപ്പെട്ട് പെരുവഴിയിലായി സെക്യൂരിറ്റി ഗാർഡ്

കാൺപൂർ: മാസം വെറും 10,000 രൂപ ശമ്പളത്തിൽ കുടുംബം പുലർത്തുന്ന ഒരു സാധാരണ സെക്യൂരിറ്റി ഗാർഡിനെ തേടി 3 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ് എത്തിയതിലെ ഞെട്ടലിലാണ് കാൺപൂർ സ്വദേശിയായ ഓം ശുക്ല. കോടികളുടെ നികുതി ബാധ്യത തലയിലായതോടെ റേഷൻ കാർഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ റദ്ദാക്കപ്പെടുകയും, പരാതി നൽകാൻ ഓഫീസുകൾ കയറിയിറങ്ങി ഒടുവിൽ അദ്ദേഹത്തിന്റെ ഏക ഉപജീവനമാർഗ്ഗമായ ജോലിയും നഷ്ടപ്പെടുകയും ചെയ്ത ദയനീയ അവസ്ഥയിലാണ് ഈ കുടുംബം.

കഴിഞ്ഞ വർഷം സെപ്റ്റംബർ 21-നാണ് നികുതി വകുപ്പിൽ നിന്ന് ശുക്ലയ്ക്ക് ഈ നോട്ടീസ് ലഭിച്ചത്. ‘ഓം എന്റർപ്രൈസസ്’ എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങി 17 കോടി രൂപയിലധികം വരുന്ന ബിസിനസ്സ് നടത്തിയെന്നും, അതിനുള്ള നികുതിയായ മൂന്ന് കോടി രൂപ അടച്ചില്ലെന്നുമാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ തനിക്ക് ഇങ്ങനെയൊരു സ്ഥാപനത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ ഭീമമായ നികുതി ബാധ്യത വന്നതോടെ അദ്ദേഹത്തിന്റെ റേഷൻ കാർഡ് സർക്കാർ റദ്ദാക്കി. മറ്റ് ആനുകൂല്യങ്ങളും ബാങ്കുകളിൽ നിന്നുള്ള വായ്പകളും പൂർണ്ണമായി നിഷേധിക്കപ്പെട്ടു. ഈ പ്രതിസന്ധിക്ക് പരിഹാരം തേടി വിവിധ ഓഫീസുകൾ കയറിയിറങ്ങുന്നതിനായി നിരന്തരം അവധിയെടുക്കേണ്ടി വന്നതോടെ, അദ്ദേഹം ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ഗാർഡ് ജോലിയും നഷ്ടമായി.

ഒരു പ്രാദേശിക വ്യാപാരി സംഘടനാ പ്രതിനിധിക്കൊപ്പം ശുക്ല ജി.എസ്.ടി ഓഫീസ് സന്ദർശിച്ചെങ്കിലും നോട്ടീസിന് ആദ്യം ഔദ്യോഗിക മറുപടി നൽകാനാണ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. തുടർന്ന് ഡൽഹിയിലെ ജി.എസ്.ടി ആസ്ഥാനത്തേക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിലേക്കും അദ്ദേഹം പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഒടുവിൽ ഓഗസ്റ്റ് 18 ചൊവ്വാഴ്ച കാൺപൂർ പോലീസ് കമ്മീഷണർ രഘുബീർ ലാലിനെ നേരിട്ട് കണ്ട് പരാതിപ്പെട്ടതോടെയാണ് അദ്ദേഹത്തിന് നേരിയ ആശ്വാസം ലഭിച്ചത്. പരാതിയുടെ ഗൗരവം മനസ്സിലാക്കിയ കമ്മീഷണർ ഉടൻ തന്നെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. മുൻ കമ്മീഷണറായിരുന്ന അഖിൽ കുമാറിനും അദ്ദേഹം പരാതി നൽകിയിരുന്നെങ്കിലും അന്ന് തുടർനടപടികൾ ഉണ്ടായിരുന്നില്ല.

ഓം ശുക്ലയുടെ പാൻ കാർഡും മറ്റ് വ്യക്തിഗത രേഖകളും മോഷ്ടിച്ചോ ദുരുപയോഗം ചെയ്തോ മറ്റാരോ അദ്ദേഹത്തിന്റെ പേരിൽ വ്യാജമായി ബിസിനസ്സ് നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കമ്മീഷണർ അറിയിച്ചു. തന്റെ വ്യക്തിഗത രേഖകൾ കൈകാര്യം ചെയ്യാൻ സാധിച്ചിരുന്ന മറ്റാരോ ആണ് ഈ ചതി ചെയ്തതെന്ന് ശുക്ലയും വിശ്വസിക്കുന്നു.

അതേസമയം,റിപ്പോർട്ടുകൾ പ്രകാരം സെൻട്രൽ ജി.എസ്.ടിക്ക് ഔദ്യോഗികമായി മറുപടി നൽകാൻ പ്രാദേശിക വ്യാപാരി സംഘടന അദ്ദേഹത്തെ സഹായിക്കുന്നുണ്ട്. ബിസിനസ്സ് സ്ഥാപനം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുകയെന്നതുൾപ്പെടെ നിരവധി ഘട്ടങ്ങളുള്ള പരിശോധനകൾക്ക് ശേഷം മാത്രം നൽകുന്ന ജി.എസ്.ടി രജിസ്ട്രേഷൻ, മാസം വെറും 10,000 രൂപ വരുമാനമുള്ള ഒരാളുടെ പേരിൽ തട്ടിപ്പുകാർക്ക് എങ്ങനെ ലഭിച്ചുവെന്ന് ചോദിച്ച് വ്യാപാരി സംഘടന ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അനാസ്ഥയെ രൂക്ഷമായി വിമർശിച്ചു.

Also read: