‘ദൈവം കൂടെയുണ്ട്, വെനസ്വേല വീണ്ടും ഉയിർത്തെഴുന്നേൽക്കും’; യുഎസ് ജയിലിൽ നിന്നും ജനങ്ങൾക്ക് സന്ദേശവുമായി നിക്കോളാസ് മഡുറോ
ന്യൂയോർക്ക്: യുഎസ് ജയിലിൽ കഴിയുന്ന വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ വൈകാരിക സന്ദേശം പുറത്ത്. പ്രതിസന്ധികളിൽ ദൈവം വഴികാട്ടുമെന്നും വെനസ്വേല വീണ്ടും ശക്തമായി ഉയിർത്തെഴുന്നേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെനസ്വേലയുടെ എണ്ണസമ്പത്ത് ഇനി അമേരിക്കയ്ക്ക് സ്വന്തമാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനും, ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അമേരിക്കയുമായി പുതിയ എണ്ണക്കരാറിൽ ഒപ്പുവെച്ചതിനും പിന്നാലെയാണ് മഡുറോയുടെ ഈ പ്രതികരണം.
കുടുംബാംഗങ്ങൾക്കും ജനങ്ങൾക്കുമായി ജയിലിൽ നിന്നുള്ള തന്റെ ഒരു ചിത്രത്തിനൊപ്പമാണ് അദ്ദേഹം എക്‌സിൽ ഈ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.
മഡുറോയുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം:
“എന്റെ എല്ലാ പേരക്കുട്ടികൾക്കും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, നമ്മളെ സ്നേഹിക്കുന്ന എല്ലാ നല്ല ആളുകൾക്കും ഒരു ചെറിയ സമ്മാനമായി ഞാൻ ഈ ഫോട്ടോകൾ അയയ്ക്കുന്നു. നിങ്ങളുടെ സ്നേഹത്താൽ നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ ഉറച്ചുനിൽക്കുന്നുവെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ശക്തരും ശാന്തരും ആത്മവിശ്വാസമുള്ളവരുമായി തുടരും: ദൈവം നമ്മോടൊപ്പമുണ്ട്. ദൈവം നമുക്ക് പിന്തുണ നൽകും. വെനസ്വേല വീണ്ടും ഉയിർത്തെഴുന്നേൽക്കും.”
വാഷിംഗ്‌ടണിന്റെ കടുത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് മഡുറോയ്ക്ക് ശേഷം അധികാരമേറ്റ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അമേരിക്കയുമായി ഈ ചരിത്രപരമായ എണ്ണക്കരാറിൽ ഒപ്പുവെച്ചത്. വെനസ്വേലൻ എണ്ണപ്പാടങ്ങൾ പൂർണ്ണമായും അമേരിക്കയ്ക്ക് തുറന്നുനൽകുന്നതാണ് പുതിയ കരാർ. ഇതിനിടയിലാണ് രാജ്യത്തിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് മഡുറോ രംഗത്തെത്തിയിരിക്കുന്നത്.
മയക്കുമരുന്ന് കടത്ത്, അനധികൃതമായി ആയുധം കൈവശം വെക്കൽ എന്നീ ഗുരുതര കുറ്റങ്ങൾ ചുമത്തി ഇക്കഴിഞ്ഞ ജനുവരി 3-നാണ് യു.എസ് സൈനിക നടപടിയിലൂടെ മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അറസ്റ്റ് ചെയ്‌തത്. നിലവിൽ ഇരുവരും ന്യൂയോർക്കിലെ ബ്രൂക്ലിൻ ജയിലിലാണ് കഴിയുന്നത്.
ജയിലിൽ ഇന്റർനെറ്റോ പത്രങ്ങളോ ഉപയോഗിക്കാൻ അനുമതിയില്ലെങ്കിലും, കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും ഫോണിൽ സംസാരിക്കാൻ അദ്ദേഹത്തിന് നിലവിൽ അനുവാദമുണ്ട്. അദ്ദേഹം തികഞ്ഞ ആരോഗ്യവാനാണെന്നും ബൈബിൾ വായിക്കുന്നതിലാണ് ഇപ്പോൾ കൂടുതൽ സമയവും ചെലവഴിക്കുന്നതെന്നും മകൻ നിക്കോളാസ് മഡുറോ ഗ്വെറ അറിയിച്ചു. മഡുറോയുടെയും ഭാര്യയുടെയും വിചാരണ 2027 ജൂൺ 1-ന് ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ആരംഭിക്കും.