05/09/2026
[fontresizer_tawhidurrahmandear_widget]

‘ജീവിക്കാൻ ഇറങ്ങിയവരാണ്, വിദ്വേഷമില്ല’; തിളച്ച എണ്ണയൊഴിച്ച തട്ടുകടക്കാരനോട് ക്ഷമിച്ച് ‘മാവേലി’

 ‘ജീവിക്കാൻ ഇറങ്ങിയവരാണ്, വിദ്വേഷമില്ല’; തിളച്ച എണ്ണയൊഴിച്ച തട്ടുകടക്കാരനോട് ക്ഷമിച്ച് ‘മാവേലി’

കായംകുളം: ഓണാഘോഷത്തിനിടെ മാവേലി വേഷം കെട്ടിയ ആൾക്കുനേരെ ചായക്കടക്കാരൻ തിളച്ച എണ്ണയൊഴിച്ച കേസ് പരസ്പര ധാരണയോടെ ഒത്തുതീർപ്പായി. അവിട്ടം നാളിൽ വൈകീട്ട് കായംകുളത്തുണ്ടായ സംഭവത്തിൽ, പ്രതിയായ തട്ടുകട ഉടമ അഷറഫ് പൊലീസ് സ്റ്റേഷനിൽ വെച്ച് മാപ്പപേക്ഷിച്ചതിനെത്തുടർന്ന് പരാതിക്കാരനായ കരുനാഗപ്പള്ളി സ്വദേശി ചന്ദ്രബാബു പരാതി പിൻവലിക്കുകയായിരുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി മാവേലി വേഷമിട്ട് കടകളിൽ കയറിയിരുന്ന ചന്ദ്രബാബു, അഷറഫിന്റെ തട്ടുകടയിലുമെത്തിയിരുന്നു. ഇവിടെവെച്ച് ഇരുവരും തമ്മിലുണ്ടായ തമാശാരൂപത്തിലുള്ള വാക്കുതർക്കം കൈയ്യാങ്കളിയിലെത്തുകയും ചന്ദ്രബാബുവിന്റെ ചെവിയിൽ പിടിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. തുടർന്ന് പ്രകോപിതനായ അഷറഫ് തിളച്ച എണ്ണയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ ചന്ദ്രബാബുവിന്റെ മുഖത്തും കൈയ്ക്കും പൊള്ളലേറ്റു.

തുടർന്ന് ചന്ദ്രബാബു കായംകുളം പൊലീസിൽ പരാതി നൽകി. എന്നാൽ സ്റ്റേഷനിലെത്തിയ അഷറഫ് ചെയ്ത തെറ്റിൽ പരസ്യമായി ക്ഷമാപണം നടത്തിയതോടെയാണ് ചന്ദ്രബാബു പരാതിയില്ലെന്ന് എഴുതിനൽകാൻ തയ്യാറായത്.

രണ്ടുപേരും ജീവിക്കാൻ വേണ്ടി ഇറങ്ങിയ പാവപ്പെട്ട മനുഷ്യരാണെന്നും, മൂന്ന് കുഞ്ഞുങ്ങളുള്ള കുടുംബം പുലർത്തുന്ന അഷറഫിനോട് തനിക്ക് വിദ്വേഷമില്ലെന്നും ചന്ദ്രബാബു പറഞ്ഞു. തെറ്റുകൾ സ്വയം ക്ഷമിക്കാനുള്ള മനസ്സുണ്ടാകണമെന്നും, അഷറഫ് ചോദിച്ച മാപ്പ് സ്വീകരിച്ച് പരസ്പരം കൈകൊടുത്താണ് മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഇരുവിഭാഗവും പിണക്കം മറന്ന് വിഷയം സമാധാനപരമായി അവസാനിപ്പിച്ചു.

Also read: