04/09/2026
[fontresizer_tawhidurrahmandear_widget]

‘മർദിച്ച് ജനനേന്ദ്രിയം തകർത്തു; കേസ് ഏറ്റെടുക്കാൻ ഭീഷണി’: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവ്

 ‘മർദിച്ച് ജനനേന്ദ്രിയം തകർത്തു; കേസ് ഏറ്റെടുക്കാൻ ഭീഷണി’: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവ്

പത്തനംതിട്ട: അടൂരിൽ ഇരുപത്തിമൂന്നുകാരന് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി. കൊല്ലം ശാസ്‌താംകോട്ട പൊലീസിനെതിരെയാണ് അടൂർ സ്വദേശിയായ യുവാവ് രംഗത്തെത്തിയത്. മർദനത്തിൽ യുവാവിന്റെ ജനനേന്ദ്രിയത്തിന് പരിക്കേൽക്കുകയും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മെയ് 29-നാണ് സംഭവം. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ നാലംഗ പൊലീസ് സംഘം യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കാറിന്റെ ഗ്ലാസുകൾ അടച്ചിടുകയും പാട്ടിന്റെ ശബ്ദം കൂട്ടി വെക്കുകയും ചെയ്ത ശേഷം ഒന്നര മണിക്കൂറോളം ക്രൂരമായി മർദിച്ചെന്നാണ് പരാതി. യുവാവിന്റെ കൈകൾ പിടിച്ചുവെച്ച് മുട്ടുവെച്ച് ഇടിക്കുകയും ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിക്കുകയും ചെയ്തതായി ആരോപണമുണ്ട്.

സഹോദരനുപകരം കേസ് ഏറ്റെടുക്കാൻ പൊലീസ് നിർബന്ധിച്ചതായും, 14 ദിവസത്തിനകം ജാമ്യത്തിലിറക്കാമെന്ന് വാഗ്ദാനം ചെയ്തതായും യുവാവ് വെളിപ്പെടുത്തി. യാത്രയിലുടനീളം തന്നേയും അമ്മയേയും അശ്ലീലവാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും പരാതിക്കാരൻ പറഞ്ഞു.

ആദ്യഘട്ടത്തിൽ ഭയം കാരണം പുറത്തുപറഞ്ഞില്ലെങ്കിലും പിന്നീട് ശാസ്താംകോട്ട ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. എന്നാൽ നീതി ലഭിച്ചില്ലെന്നുമാത്രമല്ല, പരാതി പിൻവലിക്കാൻ പൊലീസ് സമ്മർദം ചെലുത്തിയെന്നും യുവാവ് ആരോപിക്കുന്നു. നീതി തേടി ഇപ്പോൾ പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ് യുവാവിന്റെ കുടുംബം.

Also read: