‘റിയൽ ലൈഫ് ബാറ്റ്‌മാൻ’; കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ രാഹുൽ ഗാന്ധിയുടെ ബാറ്റ്മാൻ പോസ്റ്ററുകൾ; വൈറലായി ചിത്രങ്ങൾ
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘റിയൽ ലൈഫ് ബാറ്റ്മാൻ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധിയുടെയും പ്രശസ്ത കോമിക് സൂപ്പർഹീറോ ആയ ബാറ്റ്മാന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്ററിൽ, “നിശബ്ദനായ കാവൽക്കാരൻ, ജാഗരൂകനായ സംരക്ഷകൻ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, റിയൽ ലൈഫ് ബാറ്റ്മാൻ” എന്നാണ് കുറിച്ചിരിക്കുന്നത്.
ഈ മാസം ആദ്യം ഇൻസ്റ്റാഗ്രാമിൽ വിദ്യാർത്ഥികളുമായും യുവാക്കളുമായും രാഹുൽ ഗാന്ധി സംവദിച്ച ‘ആസ്ക് മി എനിതിങ്’ (Ask Me Anything) പരിപാടിയിലെ ഒരു രസകരമായ ചോദ്യമാണ് ഇതിനാധാരം. പരിപാടിക്കിടെ ബാറ്റ്മാനെക്കുറിച്ച് ഒരാൾ ചോദിച്ചപ്പോൾ, “ഞാനും ബാറ്റ്മാനും ഒരേ മുറിയിൽ ഒരുമിച്ചുള്ളതായി ആരും ഇതുവരെ കണ്ടിട്ടില്ലെന്ന് പറയാം” എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയെ ബാറ്റ്മാനുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിൽ പോസ്റ്ററുകൾ ഉയർന്നത്.
അതിനിടെ, ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് വെടിയേറ്റ് സാഹിൽ ലോചവ് എന്ന യുവാവിന് പരിക്കേറ്റ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി വെള്ളിയാഴ്ച പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ തങ്ങൾ ഇവിടെ നിന്നും മാറില്ലെന്നും അത് നീതി നിഷേധമാണെന്നും രാഹുൽ ഗാന്ധി നിലപാടെടുത്തതോടെ, ഡൽഹി പോലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരായി.
ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ചും സമരക്കാരുടെ ഭാഗത്തുനിന്നുണ്ടായ അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാൻ സുപ്രീം കോടതി വ്യാഴാഴ്ച ഒരു അഞ്ചംഗ ഉന്നതതല വിദഗ്ധ സമിതിക്ക് രൂപം നൽകിയിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ആർ. സുഭാഷ് റെഡ്ഡിയാണ് ഈ സമിതിയുടെ അധ്യക്ഷൻ. മുൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവി ശങ്കർ ഝാ, മുൻ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ശാലിന്ദർ കൗർ, മുൻ സി.ബി.ഐ ഡയറക്ടർ റിഷി കുമാർ ശുക്ല, മുൻ മേഘാലയ ഡി.ജി.പി എൽ.ആർ. ബിഷ്ണോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.