05/09/2026
[fontresizer_tawhidurrahmandear_widget]

‘ആൺകുട്ടികൾ ചെയ്‌താൽ കുഴപ്പമില്ല, പെൺകുട്ടികൾ ചെയ്‌താൽ സംസ്ക്കാരത്തിന് ചേരാത്തത്’: മോദിയുടെ ‘കൾച്ചറൽ ഷോക്ക്’ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി

 ‘ആൺകുട്ടികൾ ചെയ്‌താൽ കുഴപ്പമില്ല, പെൺകുട്ടികൾ ചെയ്‌താൽ സംസ്ക്കാരത്തിന് ചേരാത്തത്’: മോദിയുടെ ‘കൾച്ചറൽ ഷോക്ക്’ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി

പൂനെ: പെൺകുട്ടികൾ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആൺകുട്ടികൾ ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ അതിൽ യാതൊരു തെറ്റും കാണാതിരിക്കുകയും, അതേസമയം പെൺകുട്ടികൾ ഉപയോഗിക്കുമ്പോൾ അത് ‘കൾച്ചറൽ ഷോക്ക്’ ആണെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നത് പൂർണ്ണമായും പുരുഷാധിപത്യ ചിന്താഗതിയുടെ ഭാഗമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. പൂനെയിൽ സംഘടിപ്പിച്ച ‘ഛാത്രോം കി ഗൂഞ്ച്’ എന്ന പരിപാടിയിൽ വിദ്യാർഥിനികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷാ പേപ്പർ ചോർച്ചയുൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യത്ത് നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചിരുന്നതായി രാഹുൽ ചൂണ്ടിക്കാട്ടി. എന്നാൽ പെൺകുട്ടികളുടെ വാക്കുകളെ മാത്രം സംസ്കാരവുമായി ബന്ധിപ്പിക്കുന്നത് ശരിയായ നടപടിയല്ല. സ്ത്രീകളെ ഒരു പ്രത്യേക ചട്ടക്കൂടിൽ മാത്രം ഒതുക്കാനും അവരെ എപ്പോഴും നിയന്ത്രിക്കാനുമുള്ള ഇത്തരം സമീപനങ്ങൾ ‘മനുസ്‌മൃതി’ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. പെൺകുട്ടികളെ വീട്ടിലിരുത്താനും, ജോലിക്ക് വിടാതിരിക്കാനുമുള്ള മനോഭാവമാണിത്. എന്നാൽ ആൺകുട്ടികൾക്ക് സമൂഹത്തിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഇന്ത്യയുടെ യഥാർത്ഥ ശക്തിയും ഭാവിയും സ്ത്രീകളാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഈ പുരുഷാധിപത്യത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാനും വിദ്യാർത്ഥിനികളോട് ആഹ്വാനം ചെയ്തു. “നിങ്ങൾ ആരുടേയും സ്വന്തമല്ല, നിങ്ങൾ നിങ്ങളുടേത് മാത്രമാണ്. അതുകൊണ്ട് തന്നെ ഉറക്കെ സംസാരിക്കാനും സ്വന്തം വ്യക്തിത്വവും ഇടവും നേടിയെടുക്കാനും നിങ്ങൾ പോരാടണം,” അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ’50 കോടി കാമുകി’ പരാമർശവും, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ സ്ത്രീകളുമായി ബന്ധപ്പെട്ട പഴയ ചില പ്രസ്താവനകളും രാഹുൽ വീഡിയോയിലൂടെ പ്രദർശിപ്പിച്ചു. പിതാവ്, ഭർത്താവ്, മകൻ എന്നിവരുമായി മാത്രം സ്ത്രീകളെ ബന്ധപ്പെടുത്തി നിർവചിക്കുന്ന രീതി ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: