‘ദേശീയ പതാക തലകീഴായി ഉയർത്തി, വന്ദേമാതരത്തിന് പകരം സിനിമാപ്പാട്ട്’; വെട്ടിലായി ജയ്പൂരിലെ ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; പിന്നാലെ മാപ്പ്
ജയ്പൂർ: രാജസ്ഥാനിൽ ബി.ജെ.പി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ തുടർച്ചയായ വീഴ്ചകൾ. പ്രധാന പരിപാടിയിൽ വന്ദേമാതരത്തിന് പകരം സിനിമാഗാനം കേൾപ്പിച്ചതും മറ്റൊരിടത്ത് ദേശീയ പതാക തലകീഴായി ഉയർത്തിയതും ഭരണകക്ഷിയായ ബി.ജെ.പിയെ കടുത്ത നാണക്കേടിലാക്കി. ജയ്പൂരിലെ ബഡി ചൗപ്പറിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മദൻ റാത്തോഡ് ദേശീയ പതാക ഉയർത്തിയ ചടങ്ങിലാണ് ഔദ്യോഗിക വന്ദേമാതരത്തിന് പകരം സ്പീക്കറിലൂടെ സിനിമാഗാനം പ്ലേ ചെയ്തത്.
1952-ൽ പുറത്തിറങ്ങിയ ‘ആനന്ദ് മഠം’ എന്ന സിനിമയിൽ ലതാ മങ്കേഷ്കർ ആലപിച്ച ഗാനമാണ് ഇവിടെ കേൾപ്പിച്ചത്. അമളി മനസ്സിലാക്കിയ സംസ്ഥാന അധ്യക്ഷൻ മദൻ റാത്തോഡ് പിന്നീട് സംഭവത്തിൽ പരസ്യമായി മാപ്പുചോദിച്ചു. പിഴവ് വരുത്തിയ സൗണ്ട് ഏജൻസിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. എം.എൽ.എമാരും മുതിർന്ന നേതാക്കളും പങ്കെടുത്ത വേദിയിലായിരുന്നു ഈ വീഴ്ച.
സമാനമായ മറ്റ് അബദ്ധങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറി. നവാൽഗഡിൽ ബി.ജെ.പി എം.എൽ.എയും ആക്ടിങ് സബ് ഡിവിഷണൽ ഓഫീസറും ചേർന്ന് ദേശീയ പതാക തലകീഴായി ഉയർത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഭരത്പൂരിലാകട്ടെ, മന്ത്രി സുരേഷ് റാവത്ത് പതാക ഉയർത്തിയ ശേഷം സല്യൂട്ട് ചെയ്യാൻ മറന്നതും അനാസ്ഥയുടെ നേർചിത്രമായി.
പാർട്ടി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്ത ഔദ്യോഗിക പരിപാടികളിൽ ദേശീയ ചിഹ്നങ്ങളോടും ഗീതത്തോടും കാണിച്ച ഈ അനാദരവ് വലിയ ചർച്ചയായിരിക്കുകയാണ്. ദേശീയതയെക്കുറിച്ച് നിരന്തരം വാചാലരാകുന്നവർക്ക് ഇത്തരം കാര്യങ്ങളിൽ യാതൊരു ജാഗ്രതയുമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമടക്കം കടുത്ത വിമർശനമാണ് ഉയർത്തുന്നത്.