04/09/2026
[fontresizer_tawhidurrahmandear_widget]

തലമുറകളായി ഇന്ത്യക്കാർ ചോറിനൊപ്പം നെയ്യ് ചേർത്ത് കഴിക്കുന്നത് എന്തുകൊണ്ട്? ഇത് ശരീരത്തിന് ദോഷമാണോ? പിന്നിലെ ശാസ്ത്രീയ സത്യങ്ങൾ അറിയാം

 തലമുറകളായി ഇന്ത്യക്കാർ ചോറിനൊപ്പം നെയ്യ് ചേർത്ത് കഴിക്കുന്നത് എന്തുകൊണ്ട്? ഇത് ശരീരത്തിന് ദോഷമാണോ? പിന്നിലെ ശാസ്ത്രീയ സത്യങ്ങൾ അറിയാം

ആവി പറക്കുന്ന ചോറിനൊപ്പം ഒരു സ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നത് ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണരീതിയാണ്. ദക്ഷിണേന്ത്യയിലെ നെയ്ച്ചോർ മുതൽ ഉത്തരേന്ത്യക്കാരുടെ ദാൽ-ചാവൽ വരെ നീളുന്ന ഈ ശീലം തലമുറകളായി നമ്മൾ പിന്തുടരുന്നതാണ്. ഇതൊരു സ്വാദിന് വേണ്ടി മാത്രമുള്ളതാണെന്ന് കരുതിയെങ്കിൽ തെറ്റി, ഈ ശീലത്തിന് പിന്നിൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നാണ് ആധുനിക ശാസ്ത്രം ഇപ്പോൾ വ്യക്തമാക്കുന്നത്.

കൃത്യമായ അളവിൽ നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും. അന്നജം അഥവാ കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുള്ള വെള്ളച്ചോറിന് ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ ഇത് പെട്ടെന്ന് ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുകയും ചെയ്യും. എന്നാൽ ചോറിനൊപ്പം കൊഴുപ്പടങ്ങിയ നെയ്യ് ചേർക്കുമ്പോൾ ആമാശയത്തിൽ നിന്നുള്ള ദഹനപ്രക്രിയ സാവധാനത്തിലാകുകയും ഗ്ലൂക്കോസ് രക്തത്തിലേക്ക് കലരുന്നത് പതുക്കെയാകുകയും ചെയ്യുന്നു.

റിസർച്ച്ഗേറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ടൈപ്പ് 2 പ്രമേഹമുള്ള 103 രോഗികളിൽ തുറന്ന പാത്രത്തിൽ നെയ്യ് ചേർത്ത് വേവിച്ച ചോറ് നൽകി മൂന്ന് മാസം പരീക്ഷണം നടത്തിയിരുന്നു. ഇതിൽ 86.41 ശതമാനം ആളുകളിലും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി, വെറും 13.59 ശതമാനം പേരിൽ മാത്രമാണ് വർദ്ധനവ് ഉണ്ടായത്. നെയ്യ് ചേർത്തതുകൊണ്ട് മാത്രം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കില്ലെന്നും, വെറും ചോറ് കഴിക്കുന്നതിനേക്കാൾ ശരീരത്തിൽ മികച്ച രീതിയിൽ ഊർജ്ജം നിലനിർത്താൻ ഇത് സഹായിക്കുമെന്നും ഗവേഷകർ ഇതിലൂടെ വ്യക്തമാക്കുന്നു.

പൂരിത കൊഴുപ്പ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടെങ്കിലും, ബ്യൂട്ടിറിക് ആസിഡ് ഉൾപ്പെടെയുള്ള ഷോർട്ട്-ചെയിൻ, മീഡിയം-ചെയിൻ ഫാറ്റി ആസിഡുകൾ നെയ്യിൽ ധാരാളമുണ്ട്. ഇത് വൻകുടലിലെ കോശങ്ങൾക്ക് ആവശ്യമായ ഇന്ധനമായി പ്രവർത്തിക്കുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ആയുർവേദത്തിലും നെയ്യിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും കൃത്യമായ ദഹനത്തിനും ശരീരത്തിന് ആവശ്യമായ പോഷണത്തിനും നെയ്യ് ഉത്തമമാണെന്ന് ആയുർവേദം പറയുമ്പോൾ, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മുറിവുകൾ വേഗത്തിൽ ഉണങ്ങാനും ചർമ്മത്തിന്റെ ആരോഗ്യത്തിനും നെയ്യ് സഹായിക്കുമെന്ന് ആധുനിക ശാസ്ത്രവും പറയുന്നു.

ഇതിനുപുറമെ, പല വിറ്റാമിനുകളും ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടാൻ കൊഴുപ്പിന്റെ സാന്നിധ്യം അത്യാവശ്യമാണ്. ചോറിനൊപ്പം ക്യാരറ്റ്, ചീര, മത്തങ്ങ തുടങ്ങിയ പച്ചക്കറികൾ കഴിക്കുമ്പോൾ അല്പം നെയ്യ് കൂടി ചേർക്കുന്നത് വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയും ബീറ്റാ കരോട്ടിൻ പോലെയുള്ള പോഷകങ്ങളും ശരീരം പൂർണ്ണമായി ആഗിരണം ചെയ്യാൻ സഹായിക്കും. 2022-ൽ യാവോയും സംഘവും നടത്തിയ പഠനത്തിലും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ പച്ചക്കറികളിലെ പോഷകങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറികളും പരിപ്പും ചോറും അല്പം നെയ്യും ഉൾപ്പെടുന്ന പരമ്പരാഗത ഇന്ത്യൻ താലി ഈ പോഷകങ്ങളെല്ലാം ശരീരത്തിൽ കൃത്യമായി എത്താൻ സഹായിക്കുന്ന ഒന്നാണ്.

നെയ്യിന്റെ സവിശേഷമായ സുഗന്ധവും അതിന്റെ ജനപ്രീതിക്ക് കാരണമാണ്. നെയ്യ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന ഈ സുഗന്ധം ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ഭക്ഷണം കഴിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് ആളുകളിൽ പെട്ടെന്ന് വയർ നിറഞ്ഞ തോന്നലുണ്ടാക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ഉയർന്ന താപനിലയിലും ഗുണനിലവാരം നഷ്ടപ്പെടാത്തതിനാൽ പാചകം ചെയ്യാനും സുഗന്ധവ്യഞ്ജനങ്ങൾ വറുത്തെടുക്കാനും നെയ്യ് ഏറ്റവും മികച്ചതാണ്. ഈ പ്രക്രിയയിൽ സുഗന്ധവ്യഞ്ജനങ്ങളിലെ അവശ്യ എണ്ണകൾ കൂടുതൽ ഫലപ്രദമായി പുറത്തുവരികയും ഭക്ഷണത്തിന്റെ സ്വാദ് ഇരട്ടിയാകുകയും ചെയ്യുന്നു. നെയ്യിലെ ജലാംശവും പാൽ ഖരപദാർത്ഥങ്ങളും പൂർണ്ണമായി നീക്കം ചെയ്യപ്പെടുന്നതിനാൽ ഇതിന് മികച്ച ഷെൽഫ് ലൈഫ് ലഭിക്കുന്നുണ്ട്.

ഫ്രിഡ്ജുകൾ ഇല്ലാതിരുന്ന കാലത്ത് പോലും നെയ്യ് കേടുകൂടാതെ സൂക്ഷിക്കാൻ കഴിഞ്ഞിരുന്നത് ഇതുകൊണ്ടാണ്. ആയുർവേദത്തിൽ ദഹനത്തെ സഹായിക്കുന്ന ‘അഗ്നി’യെ ഉത്തേജിപ്പിക്കാനും ഔഷധങ്ങളെ ശരീരത്തിലേക്ക് വേഗത്തിൽ എത്തിക്കാനുള്ള ഒരു മാധ്യമമായും നെയ്യ് ഉപയോഗിക്കുന്നു. ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും നെയ്യ് ഉയർന്ന കലോറിയുള്ള ഒരു ഭക്ഷണമായതിനാൽ മിതമായ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി കൃത്യമായ അളവിൽ നെയ്യ് കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണെന്നാണ് ശാസ്ത്രലോകവും ആയുർവേദവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നത്.

Also read: