‘മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യാൻ താത്പര്യമില്ല’; 3.3 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് യുവ ടെക്കി
ന്യൂയോർക്ക്: വർഷം 3.3 കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗൂഗിളിലെ ജോലി ഉപേക്ഷിക്കുക എന്നത് സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും കഴിയാത്തൊരു കാര്യമാണ്. എന്നാൽ പണത്തേക്കാളുപരി ജീവിതത്തിൽ നമ്മൾ സ്വന്തമായി എന്ത് നേടി എന്ന ചോദ്യത്തിന് മുന്നിൽ ശമ്പളക്കണക്കുകൾ മാറ്റിവെച്ചിരിക്കുകയാണ് ന്യൂയോർക്ക് സ്വദേശിയായ കെവിൻ നോട്ടൺ ജൂനിയർ എന്ന ടെക് പ്രൊഫഷണൽ. ജീവിതകാലം മുഴുവൻ മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യുന്നതിനേക്കാൾ സ്വന്തമായി ഒരു ബിസിനസ്സ് കെട്ടിപ്പടുക്കണമെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഗൂഗിളിനോട് വിടപറഞ്ഞത്.
ഏറ്റവും മികച്ച ‘നൈൻ ടു ഫൈവ്’ ജോലി എന്നാണ് കെവിൻ ഗൂഗിളിലെ തന്റെ കരിയറിനെ വിശേഷിപ്പിച്ചത്. സാമ്പത്തികമായി വലിയൊരു നേട്ടമായിരുന്നെങ്കിലും, താൻ ജീവിതത്തിൽ ചെയ്യാൻ ആഗ്രഹിച്ചിരുന്ന കാര്യം ഇതല്ലെന്ന് അദ്ദേഹം പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. 2022-ൽ പിതാവിന്റെ ആകസ്മിക മരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി മാറി. ജീവിതത്തെക്കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിക്കാൻ ഈ സംഭവം അദ്ദേഹത്തെ പ്രേരിപ്പിച്ചു. സ്വന്തം ആഗ്രഹങ്ങൾ ഇനിയും മാറ്റിവെച്ച് ജീവിക്കേണ്ടതില്ലെന്നും, പണത്തേക്കാളുപരി ഓരോ ദിവസവും സന്തോഷത്തോടെ ചെയ്യാൻ കഴിയുന്ന ജോലിയാണ് പ്രധാനമെന്നും അദ്ദേഹം മനസ്സിലാക്കി.
എന്നാൽ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഒറ്റയടിക്ക് ജോലി ഉപേക്ഷിക്കുകയായിരുന്നില്ല കെവിൻ ചെയ്തത്. ജോലി ഉപേക്ഷിക്കുന്നതിന് മുൻപായി, ഭാവിയിലെ ചെലവുകൾ നേരിടാൻ ആവശ്യമായ കൃത്യമായ സാമ്പത്തിക ആസൂത്രണം അദ്ദേഹം നടത്തിയിരുന്നു. ഇക്കാര്യത്തിൽ ഒരു അടുത്ത സുഹൃത്തിന്റെ ഉപദേശവും നിർണായകമായി. ജോലിയില്ലാതെ തന്നെ ഏകദേശം മൂന്ന് വർഷത്തോളം ജീവിക്കാൻ കഴിയുന്ന സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് ആ കാലയളവിനുള്ളിൽ സ്വന്തം ബിസിനസ്സ് പരീക്ഷിക്കാൻ അദ്ദേഹം തയ്യാറായത്. ഈ സംരംഭം പരാജയപ്പെട്ടാൽ മാത്രം വീണ്ടും മറ്റൊരു ജോലി അന്വേഷിക്കാമെന്നാണ് കെവിന്റെ തീരുമാനം. ഗൂഗിൾ വിട്ടതിന് ശേഷം തന്റെ സ്വപ്നമായ പുതിയ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനുള്ള കഠിന പ്രയത്നത്തിലാണ് നിലവിൽ ഈ യുവ ടെക്കി.