04/09/2026
[fontresizer_tawhidurrahmandear_widget]

മുഖത്ത് മുളകുപൊടിയിട്ട തുണി അമർത്തിപ്പിടിച്ച് ക്രൂരത; ക്ഷേത്ര ജീവനക്കാരിയുടെ മാല കവരാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

 മുഖത്ത് മുളകുപൊടിയിട്ട തുണി അമർത്തിപ്പിടിച്ച് ക്രൂരത; ക്ഷേത്ര ജീവനക്കാരിയുടെ മാല കവരാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

പത്തനംതിട്ട: ക്ഷേത്രത്തിനുള്ളിൽ ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവരാൻ ശ്രമിച്ച പൂജാരി അറസ്റ്റിലായി. ഇലവുംതിട്ട ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ പൂജാരിയും ഇലന്തൂർ പൂക്കോട് മെട്ടയിൽ വീട്ടുപേരിൽ താമസക്കാരനുമായ എം.പി ബിജുമോനാണ് (52) ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ കഴകം ജോലി ചെയ്യുന്ന വിജയമ്മയുടെ (63) മാലയാണ് ഇയാൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.

വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. വിജയമ്മ ക്ഷേത്രത്തിനകം വൃത്തിയാക്കുന്നതിനിടെ ബിജുമോൻ ബൈക്കിലെത്തുകയായിരുന്നു. ക്ഷേത്രത്തിൽനിന്ന് മാറി ബൈക്ക് പാർക്ക് ചെയ്തശേഷം സമീപത്തെ റബർ തോട്ടത്തിലൂടെ എത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. പട്ടുടയാടയിൽ മുളകുപൊടിയിട്ട് വിജയമ്മയുടെ മുഖത്ത് അമർത്തിപ്പിടിക്കുകയും ശ്വാസം മുട്ടിച്ച് മാല കവരാൻ ശ്രമിക്കുകയുമായിരുന്നു.

തുടർന്ന് വിജയമ്മ കുതറിമാറി ബഹളം വെച്ചതോടെ പ്രതി പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പൊലീസിലറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഇലവുംതിട്ട പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായ ബിജുമോൻ പത്തനംതിട്ട സ്റ്റേഷനിലെ കൊലപാതക കേസിലും കോയിപ്പുറം സ്റ്റേഷനിലെ ക്രിമിനൽ കേസിലും പ്രതിയാണെന്ന് ഇലവുംതിട്ട എസ്എച്ച്ഒ രാജേഷ് കുമാർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also read: