യു.പിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം
ലഖ്നൗ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കിടെ സ്കൂൾ കെട്ടിടത്തിന്റെ ഭാഗം തകർന്ന് വീണ് എട്ട് വയസ്സുകാരൻ മരിച്ചു. സംഭലിലെ മദാല ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണിയാണ് വിദ്യാർഥികളുടെ മേൽ തകർന്നു വീണത്. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.
നൈസാം (8) എന്ന കുട്ടിയാണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നീ കുട്ടികൾക്കാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കാണുന്നതിനായി സമീപവാസികളായ നിരവധി കുട്ടികൾ സ്കൂളിന്റെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിന്നിരുന്നു. ആളുകളുടെ എണ്ണം കൂടിയതോടെ കുട്ടികളുടെ ഭാരം താങ്ങാനാവാതെ കോൺക്രീറ്റ് ബാൽക്കണി താഴേക്ക് പതിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, സബ് ഡിവിഷണൽ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അധികൃതർ ആവശ്യമായ തുടർനടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.