04/09/2026
[fontresizer_tawhidurrahmandear_widget]

ഇന്ത്യയിൽ മതസ്വാതന്ത്ര്യം മോശമായി തുടരുന്നുവെന്ന് യുഎസ് കമ്മീഷൻ റിപ്പോർട്ട്; പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടി തള്ളി ഇന്ത്യ

 ഇന്ത്യയിൽ മതസ്വാതന്ത്ര്യം മോശമായി തുടരുന്നുവെന്ന് യുഎസ് കമ്മീഷൻ റിപ്പോർട്ട്; പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടി തള്ളി ഇന്ത്യ

വാഷിങ്ടൺ: ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വീണ്ടും ഗുരുതര ആരോപണങ്ങളുമായി അമേരിക്ക. 2026-ലും ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യം വളരെ മോശമായി തുടരുകയാണെന്ന് യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, അമേരിക്കൻ കമ്മീഷന്റെ ഈ കണ്ടെത്തലുകളെ ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞു. തങ്ങളുടെ നിക്ഷിപ്ത അജണ്ടകൾ നടപ്പാക്കുന്നതിന് വേണ്ടിയുള്ള പക്ഷപാതപരമായ റിപ്പോർട്ടാണിതെന്നാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്‌ലിങ്ങൾ, ക്രിസ്ത്യാനികൾ, ദളിതർ, സിഖുകാർ എന്നിവർക്കെതിരെ തുടർച്ചയായ വിവേചനങ്ങളും അതിക്രമങ്ങളും നടക്കുന്നുണ്ടെന്നാണ് യു.എസ് കമ്മീഷന്റെ പ്രധാന കണ്ടെത്തൽ. കർശനമായ മതപരിവർത്തന നിരോധന നിയമങ്ങൾ, ഗോവധവുമായി ബന്ധപ്പെട്ട നിയമങ്ങൾ, പൗരത്വ-വോട്ടവകാശ പ്രശ്‌നങ്ങൾ എന്നിവ രാജ്യത്തെ മതസ്വാതന്ത്ര്യത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും വിശ്വാസ സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയർത്തിയ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ജഗ്താർ സിംഗ് ജോഹൽ, അലി ഖാൻ മഹ്മൂദ്ബാദ് തുടങ്ങിയവരെ യു.എ.പി.എ പോലുള്ള ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തി ദീർഘകാലമായി ജയിലിലടച്ചിരിക്കുന്ന കാര്യവും കമ്മീഷൻ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇതിനുപുറമെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നതും ഓൺലൈൻ സെൻസർഷിപ്പും അതിർത്തി കടന്നുള്ള സമ്മർദ്ദങ്ങളും റിപ്പോർട്ടിൽ ഉന്നയിക്കുന്നു.

ഹിന്ദുത്വ ദേശീയവാദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആൾക്കൂട്ട അക്രമങ്ങൾ വർധിച്ചുവരുന്നതിലും, ഇത്തരം കേസുകളിൽ കുറ്റക്കാർക്കെതിരെ കൃത്യമായ അന്വേഷണമോ നിയമനടപടിയോ ഉണ്ടാകാത്തതിലും കമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ, കലാപങ്ങൾ, ആൾക്കൂട്ട അതിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്ന പ്രതികരണങ്ങളെ അടിച്ചമർത്തുന്നതായും റിപ്പോർട്ടിലുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുന്ന നടപടികൾ ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും അമേരിക്കൻ കമ്മീഷൻ കുറ്റപ്പെടുത്തുന്നു.

അതേസമയം, യുഎസ് കമ്മീഷന്റെ ഈ ആരോപണങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ മറുപടിയാണ് നൽകിയത്. ഓഗസ്റ്റ് 22-ന് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഈ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കളഞ്ഞു. യു.എസ്.സി.ഐ.ആർ.എഫ് യാതൊരു വിശ്വാസ്യതയുമില്ലാത്ത ഒരു സംഘടനയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇന്ത്യയുടെ അടിസ്ഥാനമായ ബഹുസ്വരതയോ, ഇവിടെ വിവിധ സമുദായങ്ങൾക്കിടയിലുള്ള സൗഹാർദ്ദപരമായ സഹവർത്തിത്വമോ മനസ്സിലാക്കാൻ ഈ കമ്മീഷന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം റിപ്പോർട്ടുകൾക്ക് അടിസ്ഥാനമില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

Also read: