04/09/2026
[fontresizer_tawhidurrahmandear_widget]

വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ യാത്രക്കാരൻ്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; സുരക്ഷാ ജീവനക്കാരിയടക്കം രണ്ടുപേർക്ക് പരിക്ക്

 വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ യാത്രക്കാരൻ്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; സുരക്ഷാ ജീവനക്കാരിയടക്കം രണ്ടുപേർക്ക് പരിക്ക്

വാരാണസി: വാരാണസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരൻ്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി രണ്ടുപേർക്ക് പരിക്കേറ്റു. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ കമലേഷ് റായ് എന്ന യാത്രക്കാരൻ്റെ ലൈസൻസുള്ള പിസ്റ്റളിൽ നിന്നാണ് വെടിപൊട്ടിയത്. ഭാര്യയോടൊപ്പം യാത്ര ചെയ്യാനെത്തിയ ഇദ്ദേഹം തന്റെ കൈവശം ആയുധമുള്ള വിവരം വിമാനത്താവള അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ തോക്കിനുള്ളിൽ വെടിയുണ്ടയുണ്ടായിരുന്നത് ശ്രദ്ധിച്ചില്ലെന്നും, പരിശോധനയുടെ ഭാഗമായി ഇത് അൺലോഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടുകയായിരുന്നെന്നും യാത്രക്കാരൻ പോലീസിനോട് പറഞ്ഞു.

ഒരു സുരക്ഷാ ജീവനക്കാരിയുടെ കാലിനും സമീപത്തുണ്ടായിരുന്ന മറ്റൊരാളുടെ തള്ളവിരലിനുമാണ് വെടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ഡി.സി.പിയും എ.സി.പിയും ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉചിതമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

വിമാനയാത്രകളിൽ ലൈസൻസുള്ള തോക്കുകളും വെടിയുണ്ടകളും കൊണ്ടുപോകുന്നതിന് കർശനമായ മാനദണ്ഡങ്ങളാണുള്ളത്. തോക്കിലെ വെടിയുണ്ടകൾ പൂർണ്ണമായും മാറ്റിയശേഷം സുരക്ഷിതമായ കട്ടിയുള്ള പെട്ടിയിൽ പൂട്ടിയാണ് ഇവ വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കുക. ഇതിനായി എയർലൈൻ ചെക്ക്-ഇൻ കൗണ്ടറിൽ മുൻകൂട്ടി വിവരം നൽകുകയും ഫീസ് അടയ്ക്കുകയും വേണം. ആഭ്യന്തര വിമാനങ്ങളിൽ ഒരു തോക്കും 50 വെടിയുണ്ടകളും വരെ കൊണ്ടുപോകാൻ നികുതിക്ക് പുറമെ അയ്യായിരം രൂപയോളമാണ് വിമാനക്കമ്പനികൾ സർവീസ് ചാർജായി ഈടാക്കുന്നത്. അന്താരാഷ്ട്ര വിമാനങ്ങളിൽ ഇതിന് ഏകദേശം 100 ഡോളറോളം വരും.

Also read: