05/09/2026
[fontresizer_tawhidurrahmandear_widget]

17 വർഷത്തിന് ശേഷം ഇസ്രയേലിന് കൈകൊടുത്ത് വെനസ്വേല; നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു; മദുറോയ്ക്ക് ശേഷം വിദേശനയത്തിൽ വൻ മാറ്റം; അമേരിക്കൻ തന്ത്രം വിജയിച്ചോ?

 17 വർഷത്തിന് ശേഷം ഇസ്രയേലിന് കൈകൊടുത്ത് വെനസ്വേല; നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു; മദുറോയ്ക്ക് ശേഷം വിദേശനയത്തിൽ വൻ മാറ്റം; അമേരിക്കൻ തന്ത്രം വിജയിച്ചോ?

കാരക്കാസ്: പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇസ്രയേലും വെനസ്വേലയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. 2009-ൽ വിച്ഛേദിക്കപ്പെട്ട ബന്ധം ഔദ്യോഗികമായി പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി സംയുക്ത പ്രസ്താവനകളിലൂടെ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് കോൺസുലർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക ഏകോപന സംവിധാനം ഏർപ്പെടുത്തുമെന്നും ഈ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ജൂണിൽ വെനസ്വേലയിലുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളെത്തുടർന്ന് ഇസ്രയേൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഇരു രാജ്യങ്ങളെയും വീണ്ടും അടുപ്പിച്ചത്. നയതന്ത്ര ബന്ധമില്ലാതിരുന്നിട്ടും വെനസ്വേലയിലേക്ക് ഇസ്രയേൽ അയച്ച രക്ഷാപ്രവർത്തക സംഘങ്ങളും അവർ നൽകിയ മാനുഷിക സഹായങ്ങളുമാണ് പുതിയ സൗഹൃദത്തിന് വഴിയൊരുക്കിയത്.

മുൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടി തടവിലാക്കിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡൻ്റായി അധികാരമേറ്റെടുത്തത്. മഡുറോയെ പുറത്താക്കിയതിന് പിന്നാലെ വെനസ്വേലയുടെ ഭരണത്തിൽ തങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ടാകുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിദേശനയത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അമേരിക്കയുമായി കൂടുതൽ അടുപ്പമുള്ള നിലപാടുകളാണ് പ്രസിഡൻ്റ് റോഡ്രിഗസ് സ്വീകരിച്ചു തുടങ്ങിയത്. അമേരിക്കയോട് അനുഭാവം പുലർത്തുന്ന ഈ പുതിയ നയമാറ്റത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഇസ്രയേലുമായുള്ള ബന്ധവും മെച്ചപ്പെടുത്തിയിരിക്കുന്നതെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഇറാനുമായി വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്ന വെനസ്വേലയുടെ പുതിയ വിദേശനയം വലിയ നയതന്ത്ര പ്രതിസന്ധികൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഗസ്സയിൽ ഇസ്രയേൽ നടത്തിയ ‘ഓപ്പറേഷൻ കാസ്റ്റ് ലീഡ്’ എന്ന സൈനിക നടപടിയിൽ സാധാരണക്കാരായ ഫലസ്തീനികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് 2009-ൽ അന്നത്തെ ഇടതുപക്ഷ ഭരണാധികാരിയായിരുന്ന ഹ്യൂഗോ ഷാവേസ് ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം പൂർണ്ണമായും വിച്ഛേദിച്ചത്. ഇസ്രയേലുമായി ഔദ്യോഗിക ബന്ധമില്ലാത്ത, മുസ്‌ലിം ഭൂരിപക്ഷമല്ലാത്ത ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇത്രയും കാലം വെനസ്വേലയുടെ സ്ഥാനം. പുതിയ തീരുമാനത്തോടെ പതിനേഴ് വർഷം നീണ്ട ഈ നയത്തിനാണ് മാറ്റം വന്നിരിക്കുന്നത്.

Also read: