04/09/2026
[fontresizer_tawhidurrahmandear_widget]

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്, കേരളത്തിൽ വെള്ളപ്പൊക്കം തടയാൻ നദികളുടെ ആഴം കൂട്ടണം’; ഉപദേശവുമായി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

 ‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്, കേരളത്തിൽ വെള്ളപ്പൊക്കം തടയാൻ നദികളുടെ ആഴം കൂട്ടണം’; ഉപദേശവുമായി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

ആലപ്പുഴ: കേരളത്തിൽ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്ക ദുരിതങ്ങൾക്ക് പരിഹാരം കാണാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ആലപ്പുഴയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ ഒരിക്കലും പരിസ്ഥിതി ഭ്രാന്തന്മാരാകാൻ പാടില്ലെന്നും, പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തന്നെ നാടിന്റെ വികസനവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം പതിവാകുന്നതിന് പ്രധാന കാരണം നദികളുടെ ജലസംഭരണ ശേഷി കുറയുന്നതാണ്. കൃത്യമായ ഇടവേളകളിൽ നദികളിലെ മണൽ നീക്കം ചെയ്യാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നമ്മുടെ കണക്കുകൂട്ടലുകൾക്കും അപ്പുറത്തുള്ള മഴയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ നദികളുടെ ആഴം കൂട്ടിയില്ലെങ്കിൽ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകുമെന്നും അദ്ദേഹം ചോദിച്ചു. നദികളുടെ ആഴം കൂട്ടുന്നതിനെ എതിർക്കുന്നവരോട് ചോദിക്കേണ്ട ചോദ്യമാണിത്. മണൽ വാരാൻ കോടതികളാണ് തടസ്സം നിൽക്കുന്നതെങ്കിൽ, കാര്യത്തിന്റെ ഗൗരവം അവരെ കൃത്യമായി ബോധ്യപ്പെടുത്താൻ തയ്യാറാകണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

പ്രസംഗത്തിൽ കേരളത്തിന്റെ മഹത്തായ സംഭാവനകളെക്കുറിച്ചും നവോത്ഥാന നായകരെക്കുറിച്ചും അദ്ദേഹം വാചാലനായി. ആദിശങ്കരൻ, ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭൻ എന്നിവരാണ് കേരളം നൽകിയ ഏറ്റവും വലിയ സംഭാവനകൾ. ആദിശങ്കരൻ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ രീതിയിലുള്ള ഒരു ഐക്യ ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. അതുപോലെ, ശ്രീനാരായണഗുരു ഇല്ലായിരുന്നെങ്കിൽ സമൂഹത്തിൽ സമത്വം സാധ്യമാകില്ലായിരുന്നുവെന്നും, എല്ലാവർക്കും വിദ്യാഭ്യാസം എന്ന വലിയ ലക്ഷ്യത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ച മഹാനാണ് മന്നത്ത് പത്മനാഭനെന്നും സിപി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

Also read: