“സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച വി.ഡി. സതീശൻ ലൂസിഫറിലെ ബോബിയായി മാറി,എല്ലാം വിറ്റുമുടിക്കാൻ നീക്കം”; മുഖ്യമന്ത്രിയുടെ വിമാനയാത്രാ വിവാദത്തിൽ ചിന്ത ജെറോം
കൊല്ലം: സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ ലൂസിഫർ സിനിമയിലെ ‘ബോബി’യെപ്പോലെ എല്ലാം വിറ്റുമുടിക്കാൻ ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. മുഖ്യമന്ത്രിയുടെ പൂക്കി ഇമേജിൽ നിന്ന് യഥാർത്ഥ ധാർഷ്ട്യമാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും അവർ ആരോപിച്ചു.
മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസറുടെ പേര് പറയില്ലെന്ന വി.ഡി. സതീശന്റെ നിലപാട് തികച്ചും ദുരൂഹമാണ്. പൊതുപ്രവർത്തകർ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും അവർ ഓർമ്മിപ്പിച്ചു. ഹെലികോപ്റ്റർ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചിപ്സൺ ഏവിയേഷന്റെ ഫയൽ സർക്കാരിന് മുന്നിലിരിക്കുമ്പോഴാണ് മുഖ്യമന്ത്രി അവരുടെ സൗജന്യം പറ്റുന്നതെന്നും, ഇത് പിന്നീട് മറ്റ് പ്രതിബദ്ധതകളിലേക്ക് നയിക്കുമെന്നും ചിന്ത ജെറോം ആരോപിച്ചു. മൂന്ന് മാസം കൊണ്ട് ഈ സർക്കാരിന്റെ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ചിപ്സൺ ഏവിയേഷനാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റിന്റെ രൂക്ഷവിമർശനം. വിമാന ഉടമസ്ഥരായ കേളചന്ദ്ര ഗ്രൂപ്പ് നൽകിയ 19.88 ലക്ഷം രൂപയുടെ ഇൻവോയിസ് പകർപ്പ് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഹെലികോപ്റ്റർ കരാർ പുതുക്കുന്നതും മുഖ്യമന്ത്രിക്ക് വിമാനം നൽകിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് ചിപ്സൺ ഏവിയേഷൻ അധികൃതർ വിശദീകരിക്കുന്നത്. ഒരു ഓപ്പറേറ്റർ എന്ന നിലയിൽ ആവശ്യപ്പെട്ടാൽ ഇനിയും വിമാനം നൽകുമെന്നും, സ്വകാര്യ വിമാനയാത്രയുടെ ചിലവ് എത്രയാണെന്ന് ജനങ്ങൾ അറിയട്ടെയെന്നും അധികൃതർ പറഞ്ഞു.
അതേസമയം, തന്റെ വിമാനയാത്രയുടെ പണം ആരാണ് മുടക്കിയതെന്ന് പുറത്തുപറയേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. താൻ ഇനിയും ഇത്തരം വിമാനങ്ങളിൽ യാത്ര ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. “മലപ്പുറത്ത് വലിയ അപകടം നടന്നപ്പോൾ ഞാൻ പോയില്ലായിരുന്നെങ്കിൽ 6 പേർ മരിച്ചിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിക്കുമായിരുന്നു. ഒരു പരിചയക്കാരനാണ് വിമാനം അറേഞ്ച് ചെയ്ത് തന്നത്. അതിലെന്താണ് തെറ്റ്? മുൻപ് പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇതേപോലെ പോയിട്ടുണ്ട്. പിണറായി ആരുടെ വിമാനത്തിലാണ് പോയതെന്ന് പ്രതിപക്ഷത്തുള്ളപ്പോൾ ഞാൻ ചോദിച്ചിട്ടില്ല,” വി.ഡി. സതീശൻ പ്രതികരിച്ചു. വിമാനം ഏർപ്പാടാക്കുന്നവർ ഔദാര്യം കൈപ്പറ്റുന്നവരല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.