29/09/2026
[fontresizer_tawhidurrahmandear_widget]

‘അളവിൽ കവിഞ്ഞ് വരുമാനം വന്നപ്പോൾ സ്വയം പോയി ടാക്സ് അടച്ചു; സത്യസന്ധത കണ്ട് ഉദ്യോഗസ്ഥർ പൊയ്ക്കൊള്ളാൻ പറഞ്ഞു’; റെയ്ഡിൽ നിന്നും ഒഴിവായതെങ്ങനെയെന്ന് വെളിപ്പെടുത്തി ഫിറോസ് ചുട്ടിപ്പാറ

 ‘അളവിൽ കവിഞ്ഞ് വരുമാനം വന്നപ്പോൾ സ്വയം പോയി ടാക്സ് അടച്ചു; സത്യസന്ധത കണ്ട് ഉദ്യോഗസ്ഥർ പൊയ്ക്കൊള്ളാൻ പറഞ്ഞു’; റെയ്ഡിൽ നിന്നും ഒഴിവായതെങ്ങനെയെന്ന് വെളിപ്പെടുത്തി ഫിറോസ് ചുട്ടിപ്പാറ

പാലക്കാട്: പ്രവാസ ജീവിതത്തിൽ വെൽഡിങ് തൊഴിലാളിയായിരുന്ന പിന്നീട് നാട്ടിലെത്തി യൂട്യൂബറായി മലയാളികളുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഫിറോസ് ചുട്ടിപ്പാറ. കുറഞ്ഞ അളവിൽ ഭക്ഷണം പാകം ചെയ്ത് വ്ലോഗിങ് ആരംഭിച്ച അദ്ദേഹം പിന്നീട് വലിയ അളവിലുള്ള പാചകത്തിലൂടെയാണ് ശ്രദ്ധ നേടിയത്.

കുഴിയിലിട്ടുണ്ടാക്കിയ ബീഫ് റോസ്റ്റ്, ഒട്ടക റോസ്റ്റ്, ഒട്ടകപക്ഷിയുടെ മുട്ട ഓംലെറ്റ് തുടങ്ങി വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കി നാട്ടുകാർക്കും അനാഥാലയങ്ങൾക്കും വിതരണം ചെയ്യുന്ന അദ്ദേഹത്തിന്റെ ‘വില്ലേജ് ഫുഡ് ചാനൽ’ മലയാളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ചാനലുകളിലൊന്നാണ്. കോടിക്കണക്കിന് കാഴ്ചക്കാരുള്ള തന്റെ യൂട്യൂബ് ചാനലിൽ നിന്നും വരുമാനം വർദ്ധിച്ചപ്പോൾ ഇൻകം ടാക്സ് റെയ്ഡിൽ നിന്നും താൻ ഒഴിവായതെങ്ങനെയെന്ന് അടുത്തിടെ സുജിത്ത് ഭക്തന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

ഒരു ഘട്ടത്തിൽ തന്റെ കൈയിൽ ഒതുങ്ങാത്ത വിധം അളവിൽ കവിഞ്ഞ് വരുമാനം വരാൻ തുടങ്ങിയപ്പോൾ താൻ സ്വയം ബാങ്ക് മാനേജരെ സമീപിച്ച് ഇൻകം ടാക്സ് അടക്കാനുള്ള വഴി തേടിയെന്ന് ഫിറോസ് പറയുന്നു. നാളെ ഉദ്യോഗസ്ഥർ തന്നെ അന്വേഷിച്ച് വരാൻ പാടില്ലെന്നും സ്വന്തം ഭാഗം ക്ലിയർ ചെയ്യണമെന്നുമുള്ള നിർബന്ധം കൊണ്ടാണ് അദ്ദേഹം ഇതിന് തയ്യാറായത്. ബാങ്ക് മാനേജറുടെ നിർദ്ദേശപ്രകാരം ബാങ്കിന്റെ ഓഡിറ്ററെ കണ്ട് ഇൻകം ടാക്സ് അടച്ചുതുടങ്ങി.

രണ്ടാമത്തെ തവണ ടാക്സ് അടച്ചതിന് ശേഷമാണ് കേരളത്തിലെ പ്രധാന യൂട്യൂബർമാരുടെ വീടുകളിൽ വലിയ രീതിയിലുള്ള ഇൻകം ടാക്സ് റെയ്ഡ് നടക്കുന്നത്. അന്ന് താൻ ഡൽഹിയിലായിരുന്നെന്നും, എല്ലാവരുടെയും അടുത്ത് റെയ്ഡ് നടക്കുമ്പോൾ നിന്റെ അടുത്ത് വന്നില്ലേ എന്ന് സുഹൃത്തുക്കൾ ചോദിച്ചിരുന്നതായും അദ്ദേഹം ഓർക്കുന്നു. കൃത്യമായി ടാക്സ് അടയ്ക്കുന്നതുകൊണ്ട് തന്റെ അടുത്ത് വരേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം അന്ന് മറുപടി നൽകിയത്.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉദ്യോഗസ്ഥർ അദ്ദേഹത്തെയും വിളിപ്പിച്ചു. യൂട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും പരസ്യങ്ങളിലൂടെയുമുള്ള തന്റെ വരുമാനത്തെക്കുറിച്ച് അദ്ദേഹം അവരോട് കൃത്യമായി വിശദീകരിച്ചു. വരുമാനം വർദ്ധിച്ചപ്പോൾ ആരും നിർബന്ധിക്കാതെ താൻ സ്വയം ടാക്സ് അടക്കാൻ തയ്യാറായതാണെന്ന് പറഞ്ഞപ്പോൾ ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തിന്റെ സത്യസന്ധത മനസ്സിലാവുകയും തിരികെ പോകാൻ അനുവദിക്കുകയും ചെയ്തു. ഏത് ബിസിനസ് ചെയ്യുമ്പോഴും നമ്മുടെ ഭാഗം എപ്പോഴും ക്ലിയർ ആക്കി വെക്കണമെന്നാണ് തനിക്ക് എല്ലാവരോടും പറയാനുള്ളതെന്നും ഫിറോസ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Also read: