‘റിപ്പോർട്ടറെ സ്പോൺസറാക്കിയത് മന്ത്രിയുടെ സ്വന്തം ഇഷ്ടപ്രകാരം’; വി. അബ്ദുറഹ്മാനെതിരെ കുരുക്ക് മുറുക്കി മുൻ സ്റ്റാഫുകളുടെ മൊഴി
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പുകേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് മുൻ സ്റ്റാഫംഗങ്ങളുടെ നിർണായക മൊഴി. വകുപ്പിലെ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും മന്ത്രി അത് തിരുത്താൻ തയ്യാറായില്ലെന്ന് അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി. ആർ. രമേശ് അന്വേഷണ സംഘത്തിന് മൊഴി നൽകി.
ടെണ്ടർ നടപടികളില്ലാതെ സ്പോൺസറെ തെരഞ്ഞെടുക്കരുതെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് മന്ത്രി പൂർണ്ണമായും അവഗണിച്ചുവെന്നും, വകുപ്പിലെ കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനിച്ചിരുന്നതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ, ഒരു എയ്ഡഡ് കോളേജ് അധ്യാപികയുടെ സേവനം ഉപയോഗിക്കുന്നതിനെതിരെ നൽകിയ മുന്നറിയിപ്പും മന്ത്രി ചെവിക്കൊണ്ടില്ല. മന്ത്രിയുടെ സുഹൃത്തെന്ന നിലയിൽ ഔദ്യോഗിക ഇ-മെയിലുകൾ കൈകാര്യം ചെയ്യാൻ അവർക്ക് അനുമതി നൽകിയെന്നും രമേശ് അന്വേഷണ സംഘത്തെ അറിയിച്ചു.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലും എസ്ഐടിക്ക് സമാനമായ മൊഴി നൽകിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ‘റിപ്പോർട്ടർ’ ചാനലിനെ സ്പോൺസറാക്കാനുള്ള തീരുമാനം മന്ത്രിയുടേത് മാത്രമായിരുന്നുവെന്നും, ടെണ്ടറില്ലാതെ സ്പോൺസറെ വെക്കരുതെന്ന മുന്നറിയിപ്പ് അദ്ദേഹം തള്ളിക്കളഞ്ഞുവെന്നുമാണ് റിപ്പോർട്ടുകൾ. സ്പോൺസറായ ആന്റോയുടെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞിട്ടും മന്ത്രി അത് അവഗണിച്ചുവെന്നും ഈ മൊഴിയിലുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, അന്വേഷണ സംഘത്തിന് താൻ ഇത്തരമൊരു മൊഴി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി സത്യപാൽ പിന്നീട് ഈ വാർത്തകൾ നിഷേധിച്ചിട്ടുണ്ട്.