ദുപ്പട്ടകൾ കൂട്ടിക്കെട്ടി ജീവൻരക്ഷാ കയറാക്കി; മിന്നൽ പ്രളയത്തിൽപ്പെട്ട ബൈക്ക് യാത്രികനെ സാഹസികമായി രക്ഷിച്ച് യുവതിയും കുടുംബവും; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
ഷിംല: ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ അതിസാഹസികമായി രക്ഷിച്ച് കാർ യാത്രികർ. കാറിലുണ്ടായിരുന്ന യുവതികൾ തങ്ങളുടെ ദുപ്പട്ടകൾ കൂട്ടിക്കെട്ടി കയറുപോലെ ഉപയോഗിച്ചാണ് മലവെള്ളപ്പാച്ചിലിൽപ്പെട്ട യുവാവിനെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. സമയോചിതമായ ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഭട്ടിയാത്തിലെ ഭർമാല മേഖലയിലുള്ള കകിയാര-തനുഹട്ടി റോഡിലാണ് സംഭവം നടന്നത്. കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് കുത്തിയൊഴുകിയെത്തിയ വെള്ളത്തിൽ ബൈക്ക് യാത്രികൻ അപ്രതീക്ഷിതമായി അകപ്പെടുകയായിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ മുന്നോട്ട് പോകാനോ വണ്ടി നിയന്ത്രിക്കാനോ കഴിയാതെ യുവാവ് ജീവനുവേണ്ടി പൊരുതുന്ന സമയത്താണ് നവദമ്പതികൾ ഉൾപ്പെടുന്ന ഒരു യാത്രാസംഘം കാറിൽ ആ വഴി വന്നത്.
അപകടത്തിൽപ്പെട്ട യുവാവിനെ കണ്ടയുടൻ ഇവർ വാഹനം നിർത്തി പുറത്തിറങ്ങി. സംഘത്തിലുണ്ടായിരുന്ന ഒരാൾ വെള്ളത്തിലേക്ക് ഇറങ്ങി യുവാവിന്റെ അരികിലെത്താൻ ശ്രമിച്ചെങ്കിലും ജലനിരപ്പും ഒഴുക്കും പ്രതികൂലമായതിനാൽ ആ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് കാറിലുണ്ടായിരുന്ന യുവതികൾ തങ്ങളുടെ ദുപ്പട്ടകൾ കൂട്ടിക്കെട്ടി വെള്ളത്തിലുള്ള യുവാവിന് എറിഞ്ഞുനൽകിയത്. ദുപ്പട്ടയിൽ മുറുകെ പിടിച്ച ബൈക്ക് യാത്രികനെ യുവതികളും കൂടെയുള്ളവരും ചേർന്ന് സുരക്ഷിതമായി കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയം വെച്ച് കൃത്യസമയത്ത് അവസരോചിതമായി ഇടപെട്ട യുവതികൾക്കും കുടുംബത്തിനും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്.