22/10/2026
[fontresizer_tawhidurrahmandear_widget]

‘നല്ലത് കണ്ടാൽ നല്ലതെന്നും തെറ്റ് കണ്ടാൽ തെറ്റെന്നും പറയും; വിമർശനങ്ങളിലേക്ക് മതത്തെ വലിച്ചിഴയ്ക്കരുത്’: സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി വ്ലോഗർ മാഹിൻ

 ‘നല്ലത് കണ്ടാൽ നല്ലതെന്നും തെറ്റ് കണ്ടാൽ തെറ്റെന്നും പറയും; വിമർശനങ്ങളിലേക്ക് മതത്തെ വലിച്ചിഴയ്ക്കരുത്’: സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി വ്ലോഗർ മാഹിൻ

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ പെർമിറ്റില്ലാതെ യാത്ര ചെയ്ത മലയാളി ട്രാവൽ വ്ലോഗർ അരുണിമയെ താലിബാൻ തടഞ്ഞുവച്ച സംഭവം വലിയ ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി ഹിച്ച് ഹൈക്കിങ് നൊമാഡ് എന്ന പേരിലറിയപ്പെടുന്ന പ്രമുഖ ട്രാവലറായ എസ്. മാഹിൻ രംഗത്തെത്തിയിരുന്നു. അഫ്ഗാനിലേക്ക് പോകുന്നവർ നിർബന്ധമായും പെർമിറ്റ് എടുക്കണമെന്നും, അത് എങ്ങനെ ലഭിക്കുമെന്ന വിവരങ്ങളും അദ്ദേഹം തന്റെ വീഡിയോയിലൂടെ വ്യക്തമാക്കി. കൂടാതെ, പെർമിറ്റ് ഇല്ലാതെ യാത്ര ചെയ്ത് പിടിക്കപ്പെട്ടാൽ ഇന്ത്യൻ എംബസി സഹായത്തിന് എത്തില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിദ്വേഷ പ്രചാരണങ്ങളും നടക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാഹിൻ. താൻ ഒരു മുസ്‌ലിം നാമധാരി ആയതുകൊണ്ടാണ് തനിക്കെതിരെയുള്ള പ്രചാരണം ഇത്രത്തോളം രൂക്ഷമാകുന്നതെന്നും, തന്റെ രാജ്യസ്നേഹത്തെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് സൈബർ അധിക്ഷേപങ്ങൾ മാറിയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജ അക്കൗണ്ടുകളിൽ നിന്നും സംഘടിത ഐ.ടി സെല്ലുകളിൽ നിന്നുമായി തനിക്കെതിരെ നിരന്തരം നെഗറ്റീവ് കമന്റുകളും ക്യാംപയിനുകളും വരുന്നുണ്ടെന്ന് മാഹിൻ പറയുന്നു. ഇന്ത്യൻ പാസ്പോർട്ടിന്റെ പരിമിതികളെക്കുറിച്ച് മുൻപ് തുറന്നു പറഞ്ഞതിന്റെ പേരിൽ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തന്നെ പിന്തുണയ്ക്കുന്ന പ്രേക്ഷകർക്കിടയിൽ യാതൊരുവിധ തെറ്റിദ്ധാരണയും ഉണ്ടാകാതിരിക്കാനാണ് ഈ വിശദീകരണം നൽകുന്നതെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യൻ പാസ്പോർട്ടിന് യാത്രകളിൽ നേരിടുന്ന ദുർബലതകളെക്കുറിച്ച് മറ്റു വ്ലോ​ഗർമാരും തുറന്നു പറയാറുണ്ട്. എന്നാൽ അതേസമയം, നല്ല കാര്യങ്ങൾ കാണുമ്പോൾ രാജ്യത്തെയും വിദേശത്തെ ഇന്ത്യൻ എംബസികളെയും പ്രശംസിച്ചുകൊണ്ട് മുൻപും വീഡിയോകൾ ചെയ്തിട്ടുണ്ടെന്ന് മാഹിൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസങ്ങളിൽ ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട വിസ സംബന്ധിച്ച വളരെ അനുകൂലമായ വാർത്തകളും അദ്ദേഹം തന്റെ പേജിലൂടെ പങ്കുവെച്ചിരുന്നു. പാസ്പോർട്ടിനെയോ വിദേശയാത്രകളെയോ കുറിച്ച് സമാനമായ വിമർശനങ്ങൾ ഉന്നയിക്കുന്ന മറ്റ് വ്ലോഗർമാർക്ക് നേരിടേണ്ടി വരാത്ത തരത്തിലുള്ള മതപരമായ ആക്രമണങ്ങളാണ് തനിക്ക് നേരെ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. ഏതൊരു വ്യക്തിയുടെയും അഭിപ്രായത്തെ അയാളുടെ മതത്തിൻ്റെ പേരിൽ വിലയിരുത്തരുതെന്നും, മനുഷ്യരെ വിഭജിച്ച് വെറുപ്പ് വളർത്തുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ നാടിന് ഒരിക്കലും ഗുണം ചെയ്യില്ലെന്നും മാഹിൻ ഓർമ്മിപ്പിക്കുന്നു.

തന്നെ വിമർശിക്കുന്നതിനോ തന്റെ അഭിപ്രായങ്ങളോട് വിയോജിക്കുന്നതിനോ യാതൊരു തെറ്റുമില്ല. എന്നാൽ താൻ ഇന്ത്യയെ വെറുക്കുന്നു എന്ന രീതിയിൽ ഒരു വ്യാജ ചിത്രം സൃഷ്ടിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും, ഇനി മുതൽ ഐ.ടി സെല്ലുകളിൽ നിന്ന് വരുന്ന ഇത്തരം വിദ്വേഷ കമന്റുകൾ തന്റെ അക്കൗണ്ടിൽ നിന്നും പൂർണ്ണമായും ഡിലീറ്റ് ചെയ്യുമെന്നും മാഹിൻ അറിയിച്ചു.

Also read: