പണം മാത്രം എടുത്തു; രേഖകളടങ്ങിയ മോഷ്ടിച്ച പഴ്സ് ഉടമസ്ഥന് ലഭിക്കാൻ തപാൽപ്പെട്ടിയിലിട്ട് ‘കരുണയുള്ള കള്ളൻ’
കണ്ണൂർ: ബസിൽ നിന്ന് മോഷ്ടിച്ച പഴ്സിലെ പണം കൈക്കലാക്കിയ ശേഷം സുപ്രധാന രേഖകൾ നഷ്ടപ്പെടാതെ തപാൽപ്പെട്ടിയിൽ നിക്ഷേപിച്ച് കള്ളന്റെ ‘കരുണ’. നീലേശ്വരം സ്വദേശിയായ വെൽഡിങ് തൊഴിലാളി രാജീവന്റെ പഴ്സാണ് പണം മാത്രം നഷ്ടപ്പെട്ട് ഇത്തരത്തിൽ തിരികെ ലഭിച്ചത്.
പയ്യന്നൂരിലേക്ക് ജോലിക്ക് പോകുന്നതിനിടെ ബസിൽ വെച്ചാണ് രാജീവന്റെ പഴ്സ് നഷ്ടപ്പെട്ടത്. ബസിൽ തിരഞ്ഞിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്ന് അദ്ദേഹം പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. മൂന്ന് എടിഎം കാർഡുകൾ, പാൻ കാർഡ്, ആധാർ കാർഡ്, ചികിത്സാ രേഖകൾ എന്നിവയ്ക്കൊപ്പം 1,500 രൂപയും പഴ്സിലുണ്ടായിരുന്നു.
പയ്യന്നൂരിൽ വെച്ച് മോഷണം നടത്തിയ കള്ളൻ, പഴ്സിലുണ്ടായിരുന്ന 1,500 രൂപയെടുത്ത ശേഷം ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ചെറുപുഴയിലെത്തിയാണ് പഴ്സ് പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചത്. തപാൽപ്പെട്ടി തുറന്നപ്പോൾ ലഭിച്ച പഴ്സ് പോസ്റ്റ്മാൻ പോസ്റ്റ്മാസ്റ്ററെ ഏൽപ്പിക്കുകയും തുടർന്ന് അധികൃതർ രാജീവനുമായി ഫോണിൽ ബന്ധപ്പെടുകയുമായിരുന്നു. ജോലിത്തിരക്കായതിനാൽ തിങ്കളാഴ്ച നേരിട്ടെത്തി പഴ്സ് കൈപ്പറ്റാമെന്ന് രാജീവൻ പോസ്റ്റ് ഓഫീസ് അധികൃതരെ അറിയിച്ചു. രേഖകൾ നഷ്ടപ്പെടാതെ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഈ തൊഴിലാളി.