22/10/2026
[fontresizer_tawhidurrahmandear_widget]

‘ആൺകുട്ടികൾക്ക് മുടി നീട്ടി വളർത്താൻ സ്വാതന്ത്ര്യമുണ്ട്’; ക്ലാസ്സിൽ നിന്ന് പുറത്താക്കാനോ,മാനസികമായി ബുദ്ധിമുട്ടിക്കുവാനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

 ‘ആൺകുട്ടികൾക്ക് മുടി നീട്ടി വളർത്താൻ സ്വാതന്ത്ര്യമുണ്ട്’; ക്ലാസ്സിൽ നിന്ന് പുറത്താക്കാനോ,മാനസികമായി ബുദ്ധിമുട്ടിക്കുവാനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും തങ്ങളുടെ ഇഷ്ടപ്രകാരം തലമുടി നീട്ടി വളർത്താൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ വ്യക്തമാക്കി. മുടിയുടെ നീളത്തിന്റെ പേരിൽ ആൺകുട്ടികളെയോ ട്രാൻസ്ജെൻഡർ കുട്ടികളെയോ മാനസികമായി ബുദ്ധിമുട്ടിക്കാനോ, ക്ലാസ്സിൽ നിന്ന് മാറ്റിനിർത്താനോ മറ്റ് ശിക്ഷാ നടപടികൾക്ക് വിധേയമാക്കാനോ സ്കൂൾ അധികൃതർക്ക് അധികാരമില്ല.

കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കറാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാർത്ഥികളുടെ ബാഹ്യരൂപത്തേക്കാൾ അവരുടെ പഠന പുരോഗതിക്കും വ്യക്തിത്വ വികാസത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു.

എന്നാൽ മുടി വളർത്തുമ്പോൾ കുട്ടികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നിർദ്ദേശത്തിലുണ്ട്. കണ്ണുകളോ മുഖമോ മറയാത്ത രീതിയിൽ വളരെ വൃത്തിയായും സുരക്ഷിതമായും വേണം മുടി സൂക്ഷിക്കാൻ. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷയെ മുൻനിർത്തി നിർബന്ധമായും മുടി കെട്ടിവെക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവെക്കുകയോ ചെയ്യണം. ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള രാസവസ്തുക്കളോ കളറുകളോ മുടിയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കൂടാതെ, ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് മുടി പരിപാലിക്കുന്നതിനും അനുയോജ്യമായ ഡ്രസ്സ് കോഡ് തെരഞ്ഞെടുക്കുന്നതിനും പൂർണ്ണമായ അവകാശം ഉണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ഈ വിഷയത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. അതിനാൽ അടിയന്തരമായി ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കണമെന്നും, അതിനായി രൂപീകരിക്കുന്ന സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും ഉൾപ്പെടുത്തി അവരുടെ അഭിപ്രായങ്ങൾ കൂടി കേൾക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന്റെ ശുപാർശയിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ സ്കൂളുകൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുമ്പോഴും മുടി നീട്ടി വളർത്തുന്ന ആൺകുട്ടികളോട് വലിയ വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാമനാട്ടുകര സ്വദേശി ഇന്ദു മേനോൻ നൽകിയ ഹരജിയും, പതിനൊന്നാം ക്ലാസ്സുകാരൻ പലതവണ ആവശ്യപ്പെട്ടിട്ടും മുടി വെട്ടാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശം ആവശ്യപ്പെട്ട് കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ നൽകിയ ഹരജിയും ഒരുമിച്ചു പരിഗണിച്ചാണ് ബാലാവകാശ കമ്മീഷൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Also read: