22/10/2026
[fontresizer_tawhidurrahmandear_widget]

കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം; 9.96 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

 കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം; 9.96 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമായി സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. കോവിഡ് ബാധിച്ച് കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സായ വ്യക്തി നഷ്ടപ്പെട്ട ബി.പി.എൽ കുടുംബങ്ങൾക്ക് ആശ്വാസമായാണ് സംസ്ഥാന സർക്കാർ 9.96 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചത്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ തുക ലഭ്യമാക്കുന്നത്. ഈ പദ്ധതി പ്രകാരം അർഹരായ ബി.പി.എൽ കുടുംബങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വഴി പ്രതിമാസം 5,000 രൂപ വീതം തുടർച്ചയായ മൂന്ന് വർഷത്തേക്ക് ലഭിക്കും.

ഇതിനിടെ, ലോകാരോഗ്യ സംഘടന പുറത്തുവിട്ട ‘വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026’ റിപ്പോർട്ട് പ്രകാരം 2020-നും 2023-നും ഇടയിൽ ലോകത്താകമാനം കോവിഡ് മഹാമാരിയെ തുടർന്ന് 2.21 കോടി (22.1 മില്യൺ) അധിക മരണങ്ങൾ സംഭവിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഔദ്യോഗികമായി രേഖപ്പെടുത്തിയ 70 ലക്ഷം കോവിഡ് മരണങ്ങളേക്കാൾ മൂന്നിരട്ടിയിലധികമാണിത്. ആഗോള ആരോഗ്യരംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ടുണ്ടായ നേട്ടങ്ങളെല്ലാം 2021-ഓടെ കോവിഡ് പൂർണ്ണമായും ഇല്ലാതാക്കിയെന്നും ലോകാരോഗ്യ സംവിധാനങ്ങൾ നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു നിശ്ചിത കാലയളവിൽ സാധാരണ സംഭവിക്കേണ്ടതിലും കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നതിനെയാണ് അധിക മരണങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. കോവിഡ് ബാധിച്ച് നേരിട്ട് മരിച്ചവരും, ആരോഗ്യ സംവിധാനങ്ങൾ താറുമാറായതിനെ തുടർന്ന് വാക്സിനേഷൻ, ക്ഷയം, എച്ച്.ഐ.വി തുടങ്ങിയവയ്ക്കുള്ള കൃത്യമായ ചികിത്സ കിട്ടാതെ മരിച്ചവരും ഈ കണക്കുകളിൽ ഉൾപ്പെടുന്നു.

2019-നും 2021-നും ഇടയിൽ ആഗോളതലത്തിൽ മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യത്തിൽ 1.8 വർഷത്തിന്റെയും, ആരോഗ്യകരമായ ആയുർദൈർഘ്യത്തിൽ 1.5 വർഷത്തിന്റെയും കുറവുണ്ടായതായി റിപ്പോർട്ടിലുണ്ട്. ആരോഗ്യസംവിധാനങ്ങൾ പൂർണ്ണമായി തകർന്ന 2021-ലാണ് മരണനിരക്ക് ഏറ്റവും ഉയർന്നത്; ആ വർഷം മാത്രം 1.04 കോടി അധിക മരണങ്ങൾ രേഖപ്പെടുത്തി. തുടർന്ന് 2022-ൽ ഇത് 49 ലക്ഷമായും, 2023-ൽ 33 ലക്ഷമായും കുറഞ്ഞെങ്കിലും പല രാജ്യങ്ങളും കോവിഡിന് മുൻപുള്ള ആരോഗ്യസ്ഥിതിയിലേക്ക് പൂർണ്ണമായി തിരിച്ചെത്തിയിട്ടില്ല. കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ചത് പ്രായമായവരെയാണ്, പ്രത്യേകിച്ച് 85 വയസ്സിന് മുകളിലുള്ളവരെ. കൂടാതെ, 2021-ൽ കോവിഡ് അതിന്റെ ഉച്ചസ്ഥായിയിൽ നിന്ന സമയത്ത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലെ മരണനിരക്ക് 50 ശതമാനം കൂടുതലായിരുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

Also read: