22/10/2026
[fontresizer_tawhidurrahmandear_widget]

‘നിയമം ആർക്കും മുന്നിലും ദുർബലമല്ല, എത്ര ഉന്നത പദവിയാണെങ്കിലും വിവേചനമില്ലാതെ നിയമം നടപ്പിലാക്കപ്പെടും’; തച്ചങ്കരിയുടെ അപ്പീൽ പരിഗണിച്ച് ഹൈക്കോടതി

 ‘നിയമം ആർക്കും മുന്നിലും ദുർബലമല്ല, എത്ര ഉന്നത പദവിയാണെങ്കിലും വിവേചനമില്ലാതെ നിയമം നടപ്പിലാക്കപ്പെടും’; തച്ചങ്കരിയുടെ അപ്പീൽ പരിഗണിച്ച് ഹൈക്കോടതി

കൊച്ചി: എത്ര ഉന്നത പദവിയിലുള്ള വ്യക്തിയാണെങ്കിലും നിയമം വിവേചനമില്ലാതെ നടപ്പിലാക്കപ്പെടുമെന്നും നിയമം ആർക്കും മുന്നിലും ദുർബലമല്ലെന്നും ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിൽ തനിക്ക് ലഭിച്ച നാല് വർഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി നൽകിയ അപ്പീൽ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ തടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും എതിരെയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. അപ്പീൽ തീർപ്പാകുന്നതുവരെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

ഹരജി പരിഗണിച്ചപ്പോൾ, കേസിൽ വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടു. ഇതൊരു സാധാരണ കേസ് അല്ലാത്തതിനാൽ തടസ്സവാദം ഉന്നയിക്കാൻ സമയം വേണമെന്നായിരുന്നു സംസ്ഥാന വിജിലൻസിന്റെ നിലപാട്. എന്നാൽ, ക്രിമിനൽ നടപടിക്രമത്തിലെ 389-ാം വകുപ്പ് പ്രകാരം പത്ത് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളിൽ രേഖാമൂലം സത്യവാങ്മൂലം നൽകാൻ പ്രത്യേക വ്യവസ്ഥയില്ലെന്നും, ഇത്രയും പഴയൊരു കേസിൽ പ്രോസിക്യൂഷൻ സമയം ചോദിക്കുന്നത് നീട്ടിക്കൊടുക്കരുതെന്നും തച്ചങ്കരിയുടെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ ഈ വാദം തള്ളിയ കോടതി, നിയമത്തിൽ രേഖാമൂലമുള്ള തടസ്സവാദം സമർപ്പിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്ന് വ്യക്തമാക്കി. അസാധാരണ സാഹചര്യങ്ങളിൽ പ്രോസിക്യൂഷന് മറുപടി നൽകാൻ കോടതിക്ക് തന്റെ വിവേചനാധികാരം ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ബദറുദ്ദീൻ, സർക്കാരിന് വിശദീകരണം നൽകാൻ രണ്ട് ദിവസത്തെ സമയം അനുവദിച്ചു. വാദത്തിനിടെയായിരുന്നു കോടതിയുടെ ശ്രദ്ധേയമായ പരാമർശം. “ഇത് എല്ലാ ഡി.ജി.പിമാർക്കും ചീഫ് സെക്രട്ടറിമാർക്കും എന്തിന് മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിമാർക്കും വരെയുള്ള സന്ദേശമാണ്. നിയമവും നിയമപുസ്തകങ്ങളും ദുർബലമല്ല. പദവി നോക്കാതെ, യാതൊരു വിവേചനവുമില്ലാതെ നിയമം നടപ്പിലാക്കപ്പെടും,” കോടതി ഓർമ്മിപ്പിച്ചു. 2003-2007 കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് തച്ചങ്കരിക്കെതിരെയുള്ള കേസ്. തുടർന്ന് വിജിലൻസിന്റെ സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി കേസ് മാറ്റിവെച്ചു.

Also read: