16 വർഷത്തെ കാവലിന് യാത്രാമൊഴി; പ്രിയപ്പെട്ട ‘സോണി’ക്ക് കണ്ണീരോടെ വിട നൽകി ഒരു ഗ്രാമം
കണ്ണൂർ: കഴിഞ്ഞ 16 വർഷമായി മട്ടന്നൂർ വെളിയമ്പ്രയിലെ പറയനാട് ഗ്രാമത്തിന് കാവലായിരുന്ന ‘സോണി’ എന്ന നായയ്ക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി. കേവലമൊരു മൃഗമെന്നതിലുപരി ഗ്രാമത്തിലെ ഓരോരുത്തർക്കും പ്രിയപ്പെട്ടവളായിരുന്ന സോണിയ്ക്ക്, പുഷ്പചക്രം അർപ്പിച്ച് കൃത്യമായ സംസ്കാരച്ചടങ്ങുകളോടെയാണ് നാട്ടുകാർ വിട നൽകിയത്. ഒരു നായ എന്ന് സോണിയെ വിശേഷിപ്പിക്കുന്നത് പോലും പറയനാട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല, അത്രത്തോളം ആഴത്തിലുള്ളതായിരുന്നു അവളും ഗ്രാമവാസികളും തമ്മിലുള്ള ആത്മബന്ധം.
തീരെ ചെറിയൊരു കുഞ്ഞായിരിക്കുമ്പോഴാണ് അവൾ പറയനാട് ഗ്രാമത്തിൽ എത്തുന്നത്. നാട്ടുകാർ സ്നേഹത്തോടെ അവളെ സോണി (സോണിയ) എന്ന് വിളിച്ചു. പറയനാട്ടെ കടവരാന്തകളിലും വീടുകളിലുമായിരുന്നു പിന്നീടങ്ങോട്ട് അവളുടെ മുഴുവൻ ജീവിതവും. കടകളിൽ നിന്നും വീടുകളിൽ നിന്നുമായി നാട്ടുകാർ അവൾക്ക് സ്നേഹത്തോടെ ഭക്ഷണം നൽകി. പകരമായി രാത്രി വൈകും വരെ ഗ്രാമത്തിന് മുഴുവൻ വിശ്വസ്തയായ കാവൽക്കാരിയായി അവൾ ഉണർന്നിരുന്നു. പ്രായാധിക്യത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം സോണി മരണപ്പെട്ടത്.
വർഷങ്ങൾക്ക് മുൻപ് കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ കുടുങ്ങി സോണിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് നാട്ടുകാർ ഒന്നടങ്കം ഇടപെട്ടാണ് അവൾക്ക് വേണ്ട ചികിത്സയും ശുശ്രൂഷയും നൽകിയത്. പിന്നീട് രണ്ട് വർഷം മുൻപ് വയറ്റിൽ വലിയൊരു മുഴ വന്നപ്പോഴും ഗ്രാമവാസികൾ എല്ലാവരും ചേർന്ന് പണം സ്വരൂപിച്ച് ശസ്ത്രക്രിയ നടത്തി അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഒരു മനുഷ്യന് ലഭിക്കുന്ന അത്രയും പരിഗണനയോടെ, പറയനാട് ഗ്രാമത്തിന്റെ മുഴുവൻ സ്നേഹവും കരുതുലും ഏറ്റുവാങ്ങിയാണ് ഗ്രാമത്തിന്റെ സ്വന്തം സോണി വിടവാങ്ങിയത്.