03/09/2026
[fontresizer_tawhidurrahmandear_widget]

ചങ്ങനാശ്ശേരിയിലെ വീടുകളിൽ കിണർ വെള്ളത്തിൽ പെട്രോളും ഡീസലും!

 ചങ്ങനാശ്ശേരിയിലെ വീടുകളിൽ കിണർ വെള്ളത്തിൽ പെട്രോളും ഡീസലും!

ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിലെ ചങ്ങനാശേരി തെങ്ങണയിലെ പെട്രോൾ പമ്പിന് സമീപമുള്ള ആറോളം വീടുകളിലെ കിണർ വെള്ളത്തിൽ പെട്രോളും ഡീസലും കലർന്നു. പെട്രോൾ പമ്പിൽ നിന്നും മഴവെള്ളം കലർന്ന ഇന്ധനം അലക്ഷ്യമായി പുറത്തേക്ക് ഒഴുക്കിവിട്ടതിനെ തുടർന്ന് നാട്ടുകാർ കടുത്ത ദുരിതത്തിൽ. തെങ്ങണയിലുള്ള ഇന്ത്യൻ ഓയിലിന്റെ സുഫാഷ്ന ഫ്യുവൽസ് പെട്രോൾ പമ്പിന് സമീപത്തുള്ള ആറോളം വീടുകളിലെ കിണറുകളിലാണ് പെട്രോളും ഡീസലും കലർന്ന് പൂർണ്ണമായും ഉപയോഗശൂന്യമായത്.

കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരമാണ് പമ്പിൽ നിന്നും ഇന്ധനം കലർന്ന മഴവെള്ളം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞത്. കിണറുകളും പരിസരവും മലിനമായിട്ട് ഒരു മാസം പിന്നിടുമ്പോഴും ശാസ്ത്രീയമായ രീതിയിൽ പ്രദേശം ശുചീകരിക്കാൻ അധികൃതരുടെയോ പമ്പുടമയുടെയോ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുളിക്കാനും അലക്കാനും ഉൾപ്പെടെയുള്ള നിത്യോപയോഗത്തിന് പോലും പണം കൊടുത്തു പുറത്തുനിന്നും വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഈ ആറ് കുടുംബങ്ങൾ.

ഇന്ധനം കലർന്ന കിണർ വെള്ളം ഉപയോഗിച്ച് കുളിച്ചവർക്ക് ദേഹത്ത് ചൊറിച്ചിലും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. മലിനമായ വെള്ളം സ്വന്തം നിലയ്ക്ക് പമ്പ് ചെയ്ത് കളയാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. നിലവിൽ ഈ കുടുംബങ്ങൾക്ക് താൽക്കാലിക ആശ്വാസമെന്ന നിലയിൽ 20 ലിറ്റർ കുടിവെള്ളം മാത്രമാണ് ലഭ്യമാക്കുന്നത്.

സംഭവത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ പെട്രോൾ പമ്പിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നു മുതൽ നാല് വരെയുള്ള ദിവസങ്ങളിൽ പമ്പിലെ സ്റ്റോറേജ് ടാങ്കിൽ വെള്ളം കയറിയതായി സ്റ്റോക്ക് വെരിഫിക്കേഷൻ രേഖകളിൽ ബോർഡ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ പരിശോധനാ റിപ്പോർട്ട് സീനിയർ എൻവയോൺമെന്റൽ എഞ്ചിനീയർ കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തു.

മാടപ്പള്ളി പഞ്ചായത്ത് സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോർഡിനും കളക്ടർക്കും മുഖ്യമന്ത്രിക്കും വരെ നാട്ടുകാർ പരാതി നൽകിയെങ്കിലും, പമ്പുടമയോട് വിശദീകരണം ചോദിച്ചതല്ലാതെ മറ്റ് കർശന നടപടികളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അതിന്റെ ഫലം ഇതുവരെ വന്നിട്ടില്ല. പമ്പിന്റെ സുരക്ഷ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഓയിൽ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. പമ്പിലെ ടാങ്കുകളിലും പൈപ്പ് ലൈനുകളിലും ചോർച്ചയുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്നും, ശാസ്ത്രീയമായ രീതിയിൽ പ്രദേശം എത്രയും വേഗം ശുചീകരിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Also read: