28/09/2026
[fontresizer_tawhidurrahmandear_widget]

മെസ്സി തട്ടിപ്പ്; റിപ്പോർട്ടർ കമ്പനി‍ 56 കോടിയുടെ ജിഎസ്ടി അടക്കേണ്ടി വരും

 മെസ്സി തട്ടിപ്പ്; റിപ്പോർട്ടർ കമ്പനി‍ 56 കോടിയുടെ ജിഎസ്ടി അടക്കേണ്ടി വരും

കൊച്ചി: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് 56.32 കോടി രൂപയുടെ ജിഎസ്‌ടി നോട്ടീസ് നൽകാൻ ഒരുങ്ങി സംസ്ഥാന ജിഎസ്‌ടി വകുപ്പ്. കണ്ടെത്തിയ നികുതി കുടിശ്ശികയ്ക്കൊപ്പം വൻ തുകയുടെ പലിശയും പിഴയും ഉൾപ്പെടുന്നതാണ് ഈ ബാധ്യത. ജിഎസ്‌ടി ജോയിന്റ് കമ്മീഷണർ ഇത് സംബന്ധിച്ച ഔദ്യോഗിക നോട്ടീസ് ഉടൻ കൈമാറും. അന്വേഷണത്തിൽ കണ്ടെത്തിയ 25.78 കോടി രൂപയുടെ പ്രാഥമിക നികുതി വെട്ടിപ്പിന്റെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ തുടർനടപടികൾ.

അർജന്റീന ഫുട്ബോൾ അസോസിയേഷന് നൽകിയ കോടികളുടെ വിദേശ പണമിടപാടുകളിൽ റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം ഐജിഎസ്‌ടി അടച്ചില്ലെന്നാണ് സംസ്ഥാന ജിഎസ്ട‌ി പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. ഇതിൽ 22.68 കോടി രൂപയാണ് പ്രധാന നികുതി ബാധ്യതയായി കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമെ വിദേശ നിയമോപദേശകർക്കടക്കം നൽകിയ പണമിടപാടുകളിൽ 34.15 ലക്ഷം രൂപയുടെ ഐജിഎസ്‌ടി ബാധ്യതയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ആകെ 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി വകുപ്പ് സ്ഥിരീകരിച്ചത്.

ഇതുകൂടാതെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട് കമ്പനി അവകാശപ്പെട്ട ഇൻപുട്ട് ടാക്സ് ക്രെഡിറ്റിലും വൻ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. അനർഹമായി നേടിയ ഏകദേശം 2.75 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തിരിച്ചുപിടിക്കാനും വകുപ്പ് നടപടി തുടങ്ങി. ഇതോടെ പലിശയും പിഴയും അടക്കം കമ്പനിക്ക് ആകെ ബാധ്യത 60 കോടിയോളം രൂപയിലേക്ക് ഉയരുമെന്നാണ് വിവരം.

സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം സെപ്റ്റംബർ ഏഴിന് സമർപ്പിച്ച വിശദമായ റിപ്പോർട്ടിലാണ് ഈ നികുതി ബാധ്യതകൾ അക്കമിട്ടു നിരത്തിയത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും വാർഷികമായി സമർപ്പിച്ച ജിഎസ്‌ടി വിറ്റുവരവ് കണക്കുകളും തമ്മിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, ജിഎസ്‌ടി വകുപ്പിന്റെ കണ്ടെത്തലുകളെ നിയമപരമായി ചോദ്യം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. മെസ്സിയോ അർജന്റീന ടീമോ കേരളത്തിൽ എത്തിയിട്ടില്ലെന്നും, അതിനാൽ കരാർ പ്രകാരമുള്ള സേവനം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നുമുള്ള വാദമാണ് കമ്പനി പ്രധാനമായും ഉയർത്തുന്നത്. ഈ വാദങ്ങൾ വരുംദിവസങ്ങളിലെ അപ്പീൽ നടപടികളിൽ പരിശോധിക്കപ്പെടും.

Also read: