19/10/2026
[fontresizer_tawhidurrahmandear_widget]

കൊതുകുകൾക്കായി ‘ശൗചാലയം’ നിർമിച്ച് ശാസ്ത്രജ്ഞർ; വിസർജ്യത്തിലൂടെ കണ്ടെത്താനാകുക പുതിയ വൈറസുകളെ

 കൊതുകുകൾക്കായി ‘ശൗചാലയം’ നിർമിച്ച് ശാസ്ത്രജ്ഞർ; വിസർജ്യത്തിലൂടെ കണ്ടെത്താനാകുക പുതിയ വൈറസുകളെ

കൊതുകുകൾക്കായി ആദ്യമായി ഒരു ‘ശൗചാലയം’ നിർമ്മിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. കൊതുകുകളുടെ വിസർജ്യത്തിൽ നിന്നും അവ പരത്തുന്ന പുതിയ വൈറസുകളെയും രോഗങ്ങളെയും കുറിച്ച് പഠിക്കാനാണ് ഈ പുതിയ പരീക്ഷണം. മലിനജലത്തിൽ നിന്ന് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തുന്ന പഴയ രീതിക്ക് പകരമായി, കൊതുകുകളുടെ വിസർജ്യം ഉപയോഗിച്ചുള്ള ഈ പുതിയ പഠനരീതി പരീക്ഷിച്ചത് റട്‌ജേഴ്‌സ്-ന്യൂ ബ്രൺസ്‌വിക്ക് സ്‌കൂൾ ഓഫ് എൻവയോൺമെന്റ് ആൻഡ് ബയോളജിക്കൽ സയൻസിലെ കീടശാസ്ത്രജ്ഞനായ ഡാന പ്രൈസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

‘മൈക്രോബയോളജി സ്പെക്ട്രം’ എന്ന ജേണലിലാണ് ഈ പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊതുകുകൾ പഞ്ചസാര ലായനി കുടിക്കുമ്പോൾ പുറന്തള്ളുന്ന വിസർജ്യത്തിൽ വൈറസുകളുടെയും മറ്റ് പരാദങ്ങളുടെയും ജനിതക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് ശേഖരിക്കാനായി പ്രത്യേക രീതിയിൽ ത്രിഡി പ്രിന്റ് ചെയ്ത ഒരു ചോർപ്പാണ് ഗവേഷകസംഘം നിർമ്മിച്ചത്. വെള്ളം പറ്റിപ്പിടിക്കാത്ത രീതിയിലുള്ള ഈ ചോർപ്പിലൂടെ കൊതുകുകളുടെ വിസർജ്യം തുള്ളികളായി താഴെയുള്ള ഒരു ട്യൂബിലേക്ക് ശേഖരിക്കപ്പെടുന്നതാണ് ഇതിന്റെ പ്രവർത്തനരീതി. ഈ ഉപകരണത്തെയാണ് ഗവേഷകർ കൊതുകുകളുടെ ‘ശൗചാലയം’ എന്ന് വിശേഷിപ്പിക്കുന്നത്.

ഇത്തരത്തിൽ ശേഖരിച്ച വിസർജ്യത്തിന്റെ ജനിതക ശ്രേണീകരണം നടത്തിയപ്പോൾ വെസ്റ്റ് നൈൽ വൈറസ്, ഹെഡ്വിഗ് പോലുള്ള വൈറസുകൾ എന്നിവയ്ക്ക് പുറമെ അമേരിക്കയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ചില പുതിയ വൈറസുകളുടെ സാന്നിധ്യവും ഗവേഷകർ തിരിച്ചറിഞ്ഞു. ഇതിലൂടെ കൊതുകുകളുടെ ഇനവും വായുവിലുള്ള മറ്റ് പരാദങ്ങളെയും കൃത്യമായി കണ്ടെത്താനും ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. സാധാരണയായി വൈറസുകളെ കണ്ടെത്താൻ ആയിരക്കണക്കിന് കൊതുകുകളെ പിടിച്ച്, ഇനം തിരിച്ച്, ലാബിൽ അരച്ചെടുത്ത് പരിശോധിക്കുന്ന സങ്കീർണ്ണമായ രീതിയാണ് മുൻപ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ മിശ്രിതത്തിൽ ഭൂരിഭാഗവും കൊതുകിന്റെ കോശങ്ങളായിരിക്കും എന്നതിനാൽ വൈറസുകളെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു.

ഇതിൽ നിന്ന് വ്യത്യസ്തമായി രണ്ട് കൂട്ടം കാട്ടു ക്യൂലക്സ് കൊതുകുകളെ ചോർപ്പിന് മുകളിലുള്ള പ്രത്യേക പാത്രത്തിൽ അടയ്ക്കുകയും അവയ്ക്ക് പഞ്ചസാര ലായനി നൽകി വിസർജ്യം ശേഖരിക്കുകയുമാണ് പുതിയ പഠനത്തിൽ ചെയ്തത്. ഈ വിസർജ്യത്തിൽ നിന്നും വളരെ എളുപ്പത്തിൽ വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനാകുമെന്ന് ഗവേഷകർ തെളിയിച്ചു. മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന മുപ്പത് ശതമാനത്തോളം സാംക്രമിക രോഗങ്ങളും പരത്തുന്നത് കൊതുകുകളും മറ്റ് പ്രാണികളുമാണ്. രോഗങ്ങൾ മനുഷ്യരിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഇത്തരം വൈറസുകളുടെ സാന്നിധ്യം കൊതുകുകളിൽ നിന്ന് മുൻകൂട്ടി കണ്ടെത്താൻ ഈ സംവിധാനം സഹായിക്കുമെന്നും, അതിലൂടെ ആരോഗ്യ പ്രവർത്തകർക്ക് പെട്ടെന്ന് മുൻകരുതലുകൾ എടുക്കാൻ കഴിയുമെന്നും പഠനം വ്യക്തമാക്കുന്നു. നിലവിൽ ഈ ഉപകരണം പ്രാരംഭ ദിശയിലാണെങ്കിലും, ലാബുകൾക്ക് പുറത്ത് കാടുകളിൽ ഉൾപ്പെടെ സ്ഥാപിക്കാനും വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും കഴിയുന്ന രീതിയിലുള്ള ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ ഇപ്പോൾ.

Also read: