ഗായികയും അധ്യാപികയുമായ ലസ്ന വിലാസന് ബിഎസ്എസ് ദേശീയ പുരസ്കാരം
തിരുവനന്തപുരം: സംഗീത, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി ഗായികയും അധ്യാപികയുമായ ലസ്ന വിലാസന് ഭാരത് സേവക് സമാജ് (ബിഎസ്എസ്) ദേശീയ പുരസ്കാരം ലഭിച്ചു. കോഴിക്കോട് സ്വദേശിനിയായ ലസ്ന വിലാസൻ തലസ്ഥാനത്തു നടന്ന ചടങ്ങിൽ ബിഎസ്എസ് നാഷണൽ വൈസ് ചെയർമാൻ ബി എസ് ഗോപകുമാറിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കലാസാംസ്കാരിക രംഗത്തെ നിരന്തര സാന്നിധ്യത്തിനും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന വിദ്യാഭ്യാസ മാതൃകകൾക്കും നൽകിയ ആദരമായാണ് ഈ ദേശീയ പുരസ്കാരം.
കോഴിക്കോട് മലപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് ലസ്ന വിലാസൻ. അധ്യാപനത്തോടൊപ്പം കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിലും അവരെ പ്രോത്സാഹിപ്പിക്കുന്നതിലും ഇവർ സജീവ പങ്കുവഹിക്കുന്നു. അക്കാദമിക രംഗത്തെ കൃത്യതയും കലാപരമായ കാഴ്ചപ്പാടുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇവരെ വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയാക്കുന്നത്. വിദ്യാലയത്തിനകത്തും പുറത്തും നടക്കുന്ന സാഹിത്യ സാംസ്കാരിക കൂട്ടായ്മകളിൽ സ്ഥിരം സാന്നിധ്യമാണ്.
ചെറുപ്പം മുതലേ സംഗീതത്തെ ഉപാസിക്കുന്ന ലസ്ന വിലാസൻ ഇതിനകം ശ്രദ്ധേയമായ നിരവധി മ്യൂസിക് ആൽബങ്ങളിൽ ഗായികയായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീത മത്സരങ്ങളിലും പ്രതിഭ തെളിയിച്ച ഇവർ മീഡിയ സിറ്റി ചാനൽ സംഘടിപ്പിച്ച ഓൺലൈൻ സംഗീത മത്സരത്തിൽ വിജയിയായി മാറിയിരുന്നു. 2022-ൽ സംഗീതരംഗത്തെ അസാധാരണ പ്രകടനത്തിന് വേൾഡ് റെക്കോർഡ് അംഗീകാരവും നേടി.
തുടർവർഷങ്ങളിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധേയമായ പുരസ്കാരങ്ങൾ ഇവരെ തേടിയെത്തി. 2024-ൽ സംസ്ഥാന യുവപ്രതിഭ പുരസ്കാരവും മലയാള സംഗീതലോകത്തെ പ്രഗത്ഭനായ എ ടി ഉമ്മറിന്റെ സ്മരണാർഥമുള്ള എ ടി ഉമ്മർ പുരസ്കാരവും സ്വന്തമാക്കി. 2025-ൽ സൗത്ത് ഇന്ത്യൻ ടെലിവിഷൻ ആൻഡ് സിനിമ അവാർഡും ലസ്ന വിലാസന് ലഭിച്ചിരുന്നു. സംഗീതത്തിലും അധ്യാപനത്തിലും ഒരുപോലെ ശ്രദ്ധ പുലർത്തുന്ന അപൂർവം പ്രതിഭകളിൽ ഒരാളാണ് ഇവർ.
കോഴിക്കോട് വെങ്ങേരി സ്വദേശിനിയായ ലസ്ന, പി ടി വിലാസന്റെയും ശ്രീലത വിലാസന്റെയും മകളാണ്. ഡോ. ഷിനോജ് കുമാറാണ് ഭർത്താവ്. ലക്ഷ്മി എസ് കുമാർ, ദേവദത്ത് എസ് കുമാർ എന്നിവർ മക്കളാണ്.