തൊണ്ടിമുതൽ കാണാതായ സംഭവം: ‘ഹാൻസിൻ്റെ രൂക്ഷഗന്ധം കാരണം മാറ്റിവെക്കുക മാത്രമാണ് ചെയ്തത്’; സിപിഒ സബിത്തിനെതിരെ ഗൂഢാലോചനയെന്ന് അഭിഭാഷകൻ
വയനാട്: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കാണാതായ സംഭവത്തിൽ സസ്പെൻഷനിലായ സിവിൽ പോലീസ് ഓഫീസർ സബിത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അമൽജിത്ത്. ഹാൻസ് അടക്കമുള്ള പുകയില ഉൽപ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അത് സ്റ്റോറൂമിന് സമീപത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത്ത് ചെയ്തതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
സ്റ്റേഷൻ പരിസരത്ത് വെച്ച് കാർ കഴുകുന്നതിനിടെ ചാക്കിൽ സൂക്ഷിച്ചിരുന്ന ഹാൻസിന്റെ അസഹനീയമായ ദുർഗന്ധം ഒഴിവാക്കാനാണ് അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്. ഈ സാധനം മാത്രമല്ല, മറ്റ് തൊണ്ടിമുതലുകൾ സൂക്ഷിരുന്ന മുറിയിലേക്കാണ് മാറ്റിയത്. ഇതിന് തൊട്ടുപിന്നാലെ സബിത്ത് അവധിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾക്ക് ശേഷം സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്ക് ഹാൻസ് കാണാനില്ലെന്ന കാര്യം കണ്ടെത്തുന്നത്. അമൽജിത്ത് പറഞ്ഞു.
തുടർന്ന് സംഭവത്തിൽ കൃത്യമായ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സബിത്തിനെ പ്രതിയാക്കി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും അഭിഭാഷകൻ ആരോപിച്ചു. തൊണ്ടിമുതൽ കാണാതായ വിവരം അറിഞ്ഞപ്പോൾ തന്നെ സ്റ്റേഷൻ ഹൗസ് ഓഫീസറെ (എസ്.എച്ച്.ഒ) ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. സബിത്ത് ഒളിവിലാണെന്ന പോലീസിന്റെ വാദം തീർത്തും അടിസ്ഥാനരഹിതമാണ്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ മറച്ചുവെക്കാനും ചിലരെ സംരക്ഷിക്കാനും വേണ്ടി സബിത്തിനെ ബലിയാടാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. കേസിൽ പക്ഷപാതരഹിതവും നീതിപൂർവ്വവുമായ അന്വേഷണം നടത്തണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.