22/10/2026
[fontresizer_tawhidurrahmandear_widget]

മാത്യു കുഴൽനാടൻ എംഎൽഎയുടെ പുതിയ വീട്ടിൽ മോഷണം; 50,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു

 മാത്യു കുഴൽനാടൻ എംഎൽഎയുടെ പുതിയ വീട്ടിൽ മോഷണം; 50,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു

കോതമംഗലം: പൈങ്ങോട്ടൂർ ആയങ്കരയിൽ പണിപൂർത്തിയായി വരുന്ന ഡോ. മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം. ഞായറാഴ്‌ച ആറരയോടെയാണ് സംഭവം നടന്നത്. ഈ സമയത്ത് വീട്ടുകാരോ നിർമ്മാണ തൊഴിലാളികളോ സ്ഥലത്തുണ്ടായിരുന്നില്ല. മതിൽ ചാടിക്കടന്ന് വീടിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് നിർമ്മാണത്തിനായി കൊണ്ടുവന്നിരുന്ന വൈദ്യുതി കേബിളുകൾ മുറിച്ചുകടത്തുകയും വൈദ്യുതി പാനൽ ബോർഡ് അറുത്തെടുക്കുകയുമായിരുന്നു.

ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കി. സംഭവത്തിൽ പോത്താനിക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. വിരലടയാള വിദഗ്ധരും സയന്റിഫിക് പരിശോധനാ സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങൾ ആക്രിക്കടകളിലോ മറ്റോ വിൽക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.

ഇതിന് പുറമെ പല്ലാരിമംഗലം ശിവക്ഷേത്രത്തിലും മോഷണം നടന്നിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ നടന്ന മോഷണത്തിൽ ക്ഷേത്രത്തിൽ നിന്ന് വിളക്കുകളും നിവേദ്യ പാത്രങ്ങളുമാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറകളിൽ മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് തുടർച്ചയായി നടന്ന മോഷണങ്ങളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Also read: