അങ്കമാലിയിൽ വാടക വീട്ടിൽ യുവതി മരിച്ച നിലയിൽ; മൃതദേഹത്തിൽ വസ്ത്രങ്ങളില്ല, നാലുദിവസം പഴക്കം
കൊച്ചി: അങ്കമാലി കറുകുറ്റിയിലെ വാടകവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ താഴേവീട്ടുവിളാകം സ്വദേശി ഫ്ലോറൻസിയുടെ (36) മൃതദേഹമാണ് കണ്ടെത്തിയത്. നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹത്തിന് വസ്ത്രങ്ങളുണ്ടായിരുന്നില്ല.
കറുകുറ്റി പള്ളിയങ്ങാടിയിലെ വീട്ടിനുള്ളിൽ ഒറ്റയ്ക്കായിരുന്നു ഫ്ലോറൻസിയുടെ താമസം. ഫോണിൽ ലഭിക്കാതായതോടെ വീടു ശരിയാക്കി നൽകിയ ബ്രോക്കർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ പൂട്ടിയിട്ടിരുന്ന വീടിന് ചുറ്റും ദുർഗന്ധം വമിച്ചതോടെ പൊലീസിൽ വിവരമറിയിച്ചു. രാവിലെ എട്ടരയോടെ പൊലീസെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വീടിന്റെ പിൻവാതിൽ തുറന്ന നിലയിലായിരുന്നു.
സംഭവത്തിൽ കൊലപാതക സാധ്യതയടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തിവന്ന ഫ്ലോറൻസി നാലുമാസം മുമ്പാണ് കറുകുറ്റിയിലേക്ക് താമസം മാറിയത്.