‘കാർട്ടൂണുകളെ ഇത്രയും ഭയമോ? സാഹിബ്, അച്ഛേ ദിൻ കൊണ്ടുവരാനാണ് നിങ്ങളെ ജനങ്ങൾ തെരഞ്ഞെടുത്തത്, എന്നിട്ട് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് നിങ്ങൾ സമയം കളയുന്നു’; ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടും ബ്ലോക്ക് ചെയ്തതിൽ മോദിയെ പരിഹസിച്ച് കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യ
ന്യൂഡൽഹി: പ്രമുഖ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയിൽ വീണ്ടും ബ്ലോക്ക് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി കാർട്ടൂണിസ്റ്റ് രംഗത്ത്. മൂന്ന് ആഴ്ചകൾക്കിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തുന്നത്. ചൊവ്വാഴ്ചയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള പുതിയ നടപടിയുണ്ടായത്.
അക്കൗണ്ട് തടഞ്ഞതിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, പ്രധാനമന്ത്രിയെയും ഭരണകൂടത്തെയും നിശിതമായി വിമർശിക്കുന്ന രാഷ്ട്രീയ കാർട്ടൂണുകളാണ് നടപടിക്ക് കാരണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സതീഷ് ആചാര്യ പ്രതികരിച്ചത്.
അക്കൗണ്ട് വിലക്കപ്പെട്ടതിന് പിന്നാലെ ഇൻസ്റ്റാഗ്രാം നൽകിയ നിയന്ത്രണ അറിയിപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് “കാർട്ടൂണുകൾ അത്രമാത്രം ഭയപ്പെടുത്തുന്നവയാണോ?” എന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ചോദിച്ചു. തുടർന്ന് സാമൂഹിക മാധ്യമമായ ‘എക്സി’ലൂടെ കടുത്ത ഭാഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പരിഹസിച്ചു. “സാഹിബ്, ‘അച്ഛേ ദിൻ’ കൊണ്ടുവരാനാണ് ജനങ്ങൾ നിങ്ങളെ തെരഞ്ഞെടുത്തത്. എന്നാൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭരണകാലം പാഴാക്കുകയാണ് നിങ്ങൾ!” എന്നാണ് മോദിയെ നേരിട്ട് ലക്ഷ്യമിട്ട് സതീഷ് ആചാര്യ കുറിച്ചത്.
മാത്രമല്ല, ഇൻസ്റ്റാഗ്രാമിൽ വിലക്കപ്പെട്ട മൂന്ന് കാർട്ടൂണുകൾ ‘എക്സി’ൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പരിഹാസരൂപേണ മറ്റൊരു പോസ്റ്റും നൽകി. “ഇന്ത്യക്കാർ ഇൻസ്റ്റാഗ്രാമിൽ കാണരുതെന്ന് മോദി സർക്കാർ ആഗ്രഹിക്കുന്ന മൂന്ന് കാർട്ടൂണുകൾ ഇതാ. നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടെങ്കിൽ, കൂടുതൽ ഇന്ത്യക്കാർ ഇത് കാണുന്നത് തടയാൻ ദയവായി ഈ കാർട്ടൂണുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യരുത്!” എന്ന് അദ്ദേഹം പരിഹസിച്ചു. തന്റെ പ്രൊഫൈൽ പൂർണ്ണമായി ബ്ലോക്ക് ചെയ്യുന്ന നടപടി വേഗത്തിലാക്കാൻ വേണ്ടിയാകാം ഇതിലെ ആദ്യത്തെ കാർട്ടൂൺ മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് തവണയാണ് അധികൃതർ ബ്ലോക്ക് ചെയ്തതെന്നും ‘#BlockSarkar’ എന്ന ഹാഷ്ടാഗോടെ അദ്ദേഹം ആരോപിച്ചു.
സാമൂഹിക മാധ്യമങ്ങളിലെ രാഷ്ട്രീയ ഉള്ളടക്കങ്ങൾക്ക് മേൽ കേന്ദ്ര സർക്കാർ പിടിമുറുക്കുന്നതിനെതിരെയുള്ള കടുത്ത ആശങ്കകൾക്കിടയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 28-ന്, 2021-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ പ്രകാരം സർക്കാരിന്റെയോ കോടതിയുടേയോ നിർദേശം ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ പ്രത്യേക ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു. ഈ വർഷം മാർച്ചിനും ജൂലായ്ക്കുമിടയിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് രണ്ട് ലക്ഷത്തോളം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവുകളാണ് കേന്ദ്രം അയച്ചതെന്നും, ഇതിൽ ഏറ്റവും കൂടുതൽ നിർദേശങ്ങൾ ലഭിച്ചത് ഇൻസ്റ്റാഗ്രാമിനാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വതന്ത്രമായ രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങൾ പോലും ഭരണകൂടത്തെ വിറളിപിടിപ്പിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമായാണ് സതീഷ് ആചാര്യയുടെ അക്കൗണ്ടിനെതിരെയുള്ള വിലക്ക് വിലയിരുത്തപ്പെടുന്നത്.