22/10/2026
[fontresizer_tawhidurrahmandear_widget]

’79-ാം വയസ്സിലെ വൈബ്’; ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി സോണിയാ ഗാന്ധി; ആദ്യ പോസ്റ്റായി തന്റെ പുതിയ പുസ്തകത്തിന്റെ വിശേഷങ്ങൾ

 ’79-ാം വയസ്സിലെ വൈബ്’; ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി സോണിയാ ഗാന്ധി; ആദ്യ പോസ്റ്റായി തന്റെ പുതിയ പുസ്തകത്തിന്റെ വിശേഷങ്ങൾ

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഔദ്യോഗികമായി അക്കൗണ്ട് തുടങ്ങി. യുവതലമുറയ്ക്കിടയിൽ വലിയ സ്വാധീനമുള്ള ഇൻസ്റ്റാഗ്രാമിലേക്ക് 79-ാം വയസ്സിൽ അവർ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ യുവജനങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പങ്ക് വളരെ നിർണായകമാകുന്ന പശ്ചാത്തലത്തിലാണ് സോണിയാ ഗാന്ധിയുടെ ഈ പുതിയ നീക്കം. വ്യാഴാഴ്ച രാവിലെയാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കൂടിയായ അവർ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്നത്.

വരുന്ന നവംബറിൽ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓർമ്മക്കുറിപ്പായ ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലൗ’ എന്ന പുസ്തകത്തെക്കുറിച്ചാണ് അവർ ആദ്യമായി പോസ്റ്റ് ചെയ്തത്. പുസ്തകത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോ ഇൻസ്റ്റാഗ്രാം പോസ്റ്റായും സ്റ്റോറിയായും അവർ നൽകിയിട്ടുണ്ട്. “എല്ലാവർക്കും നമസ്കാരം, ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലൗ’ എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് നിങ്ങളുമായി പങ്കുവെക്കാൻ കഴിയുന്നതിൽ എനിക്ക് അതിയായ സന്തോഷവും നന്ദിയുമുണ്ട്. സ്നേഹം, ചുമതല, നഷ്ട‌ം, സ്വന്തമെന്ന് തോന്നുന്ന ഒരിടം കണ്ടെത്താനുള്ള യാത്ര എന്നിവയുടെ കഥയാണിത്. ഈ പുസ്‌തകം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ കാത്തിരിക്കുകയാണ്,” എന്ന് അവർ വീഡിയോയിൽ പറയുന്നു.

അക്കൗണ്ട് തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പതിനായിരത്തിലധികം ആളുകളാണ് സോണിയാ ഗാന്ധിയെ ഫോളോ ചെയ്തത്. അതേസമയം, ഇൻസ്റ്റാഗ്രാമിൽ മൂന്ന് അക്കൗണ്ടുകളെ മാത്രമാണ് അവർ നിലവിൽ ഫോളോ ചെയ്യുന്നത്. കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക പേജ്, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ അക്കൗണ്ടുകൾ എന്നിവയാണവ.

Also read: