22/10/2026
[fontresizer_tawhidurrahmandear_widget]

ആർഎസ്എസ് നേതാവ് പങ്കെടുക്കുന്ന വന്ദേമാതരം സെമിനാർ: കേന്ദ്ര സർവകലാശാലയിൽ വൻ വിദ്യാർത്ഥി പ്രതിഷേധം; പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷം

 ആർഎസ്എസ് നേതാവ് പങ്കെടുക്കുന്ന വന്ദേമാതരം സെമിനാർ: കേന്ദ്ര സർവകലാശാലയിൽ വൻ വിദ്യാർത്ഥി പ്രതിഷേധം; പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷം

കാസർകോട്: വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനെതിരെ സംയുക്ത വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം. ആർഎസ്എസ് നേതാവായ പ്രജ്ഞാ പ്രവാഹ് ജെ. നന്ദകുമാർ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെയാണ് എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകൾ സംയുക്തമായി രംഗത്തെത്തിയത്. ‘ആർ.എസ്.എസ് ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാർത്ഥികൾ സെമിനാർ തടയാൻ ശ്രമിച്ചതോടെ ക്യാമ്പസിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തു.

കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സംഘപരിവാർ ബന്ധമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്തിന്റെയും സഹകരണത്തോടെയാണ് സർവകലാശാല സെമിനാർ സംഘടിപ്പിച്ചത്. പരിപാടിയുടെ ബ്രോഷർ പുറത്തുവന്നത് മുതൽ തന്നെ വിദ്യാർത്ഥികൾ ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സർവകലാശാലയുടെ പ്രധാന ഗേറ്റിലും സെമിനാർ നടക്കുന്ന ലൈബ്രറി ഹാളിന് മുൻപിലുമായാണ് വിദ്യാർത്ഥികൾ ഉപരോധം തീർത്തത്. സെമിനാർ ഹാളിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പോലീസ് തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ഐ.ഡി കാർഡുകൾ കാണിച്ചിട്ടും പോലീസ് അകത്തേക്ക് കടത്തിവിട്ടില്ലെന്നും എ.ബി.വി.പി പ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

വിദ്യാർത്ഥികളെ പരിപാടി നടക്കുന്ന ഹാളിലേക്ക് കയറ്റിവിടരുതെന്ന് വൈസ് ചാൻസലർ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്. എന്നാൽ സർവകലാശാലയിൽ ഇത്രയും വലിയൊരു പരിപാടി നടത്തുമ്പോൾ ക്യാമ്പസ് യൂണിയനുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ ക്യാമ്പസിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ജലപീരങ്കിയും സ്ട്രൈക്കിങ് ഫോഴ്സും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സർവകലാശാലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

Also read: