22/10/2026
[fontresizer_tawhidurrahmandear_widget]

പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കൈക്കൂലിപ്പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; പൈപ്പ് പൊളിച്ച് തൊണ്ടിമുതൽ കണ്ടെടുത്ത് വിജിലൻസ്; ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

 പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കൈക്കൂലിപ്പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; പൈപ്പ് പൊളിച്ച് തൊണ്ടിമുതൽ കണ്ടെടുത്ത് വിജിലൻസ്; ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ മണിക്കൂറുകൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ പണം ടോയ്‌ലറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ ശ്രീജി എ.എസ് ആണ് അറസ്റ്റിലായത്. പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് നൽകുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

തിരൂരങ്ങാടി നഗരസഭാ പരിധിയിലെ ചെമ്മാട്-കൊടിഞ്ഞി റോഡിൽ പുതുതായി ആരംഭിച്ച സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കാൻ പരാതിക്കാരി ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ രേഖകൾ വ്യക്തമല്ലെന്ന് കാണിച്ച് അപേക്ഷ നിരസിച്ചു. തുടർന്ന് സുഹൃത്ത് വഴി ശ്രീജിയെ സമീപിച്ചപ്പോഴാണ് ലൈസൻസ് അനുവദിക്കാൻ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ ഇവർ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പിയെ വിവരം അറിയിക്കുകയായിരുന്നു. വിജിലൻസ് നിർദേശിച്ചതനുസരിച്ച് ശ്രീജി താമസിക്കുന്ന വാടകമുറിയിലെത്തി പരാതിക്കാരി പണം കൈമാറി. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ വിജിലൻസ് സംഘം വാതിലിൽ മുട്ടി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ശ്രീജി കൈക്കൂലിയായി ലഭിച്ച പണം ഉടൻതന്നെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു.

വാതിൽ തുറന്ന ശ്രീജിയെ വിജിലൻസ് ചോദ്യം ചെയ്തെങ്കിലും പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. തുടർന്ന് മണിക്കൂറുകളോളം മുറിയിലും കെട്ടിടത്തിന് പിന്നിലെ കാടുപിടിച്ച പറമ്പിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഒടുവിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത വിവരം ഇയാൾ സമ്മതിച്ചത്. തുടർന്ന് ശ്രീജിയുടെ സാന്നിധ്യത്തിൽ തന്നെ ക്ലോസറ്റ് പൊളിച്ചുമാറ്റി പൈപ്പിലൂടെ അതിമർദ്ദത്തിൽ വെള്ളം പമ്പ് ചെയ്ത് പരിശോധന നടത്തി. ഇതോടെ പൈപ്പിന്റെ വളവിൽ തങ്ങിനിന്നിരുന്ന കൈക്കൂലിപ്പണം വിജിലൻസ് സംഘം കണ്ടെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Also read: