‘മിനാബിലെ കുഞ്ഞുങ്ങളെക്കുറിച്ച് അച്ഛനോട് ചോദിക്കണം’: ജെ.ഡി വാൻസിൻ്റെ നവജാത ശിശുവിന് ഇറാൻ എംബസിയുടെ കുറിപ്പ്
വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ നവജാത ശിശുവിനെ ലോകത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇറാൻ എംബസി പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ് ആഗോള നയതന്ത്ര തലത്തിൽ വലിയ ചർച്ചയാകുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലുള്ള ഇറാൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വാൻസിനെയും അമേരിക്കൻ ഭരണകൂടത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള കുറിപ്പ് പുറത്തുവന്നത്.
ഇറാനിലെ മിനാബിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സ്കൂൾ കുട്ടികളെ ഓർമ്മിപ്പിച്ചാണ് എംബസി ഈ അസാധാരണ സന്ദേശം പങ്കുവെച്ചത്. വാൻസിനും ഭാര്യ ഉഷാ വാൻസിനും പിറന്ന നാലാമത്തെ കുഞ്ഞായ അലക് നീൽ വാൻസിനെ കയ്യിലേന്തി നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് ഇറാൻ എംബസി ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.
നവജാത ശിശുവിനെ സ്വാഗതം ചെയ്യുന്ന രീതിയിൽ ആരംഭിക്കുന്ന കുറിപ്പ് പിന്നീട് ട്രംപ്-വാൻസ് ഭരണകൂടത്തിനെതിരെയുള്ള കടുത്ത രാഷ്ട്രീയ ആക്രമണമായി മാറുകയാണ്. “ഈ ലോകത്തേക്ക് സ്വാഗതം അലക്, നീ ഇവിടെ ഊഷ്മളമായും സുരക്ഷിതമായും ഇരിക്കും. നിന്റെ അമ്മ നിന്നെ ഗർഭം ചുമന്നിരുന്ന കാലത്ത്, നിൻ്റെ അച്ഛൻ ഭാഗമായ ഭരണകൂടം ഇറാനിലെ പിഞ്ചുകുഞ്ഞുങ്ങളോട് ചെയ്തതെന്താണെന്ന് നീ ഒരിക്കലും അറിയാൻ ഇടവരരുതേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇനി ഏതെങ്കിലും നാളിൽ നീ അതറിഞ്ഞാൽ, മിനാബിൽ കൊല്ലപ്പെട്ട കുരുന്നുകൾക്കായി എന്തുകൊണ്ട് ഒരൊറ്റ വാക്ക് കൊണ്ട് പോലും ദുഃഖം പ്രകടിപ്പിച്ചില്ലെന്ന് നീ അച്ഛനോട് ചോദിക്കണം. എന്നാൽ അദ്ദേഹം അതിനൊരിക്കലും ഉത്തരം നൽകാൻ പോകുന്നില്ല,” എംബസിയുടെ പോസ്റ്റിൽ പറയുന്നു.
ഫെബ്രുവരി 28-ന് ആരംഭിച്ച യു.എസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണങ്ങൾക്കിടെ ഇറാനിലെ മിനാബിലുള്ള ഒരു സ്കൂളിന് നേരെ ആക്രമണം ഉണ്ടാവുകയും നിരവധി വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ചെയ്തതായി ഇറാൻ ആരോപിച്ചിരുന്നു. എന്നാൽ ഇറാനിലെ പൗരന്മാർക്കും കുട്ടികൾക്കും നേരിടേണ്ടി വന്ന ഈ ദുരന്തത്തോട് വാഷിംഗ്ടൺ തികഞ്ഞ മൗനം പാലിക്കുകയാണെന്നാണ് തെഹ്റാൻ്റെ പ്രധാന ആക്ഷേപം.
പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഔദ്യോഗിക നയതന്ത്ര അക്കൗണ്ടുകൾ വഴിയുള്ള ഇത്തരം അസാധാരണമായ കടന്നാക്രമണങ്ങൾ വാഷിംഗ്ടണും തെഹ്റാനും തമ്മിലുള്ള വാക്പോരിന്റെ തീവ്രത പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.