‘ഗ്യാനേഷ് കുമാർ വെറും പരൽമീൻ, പ്രധാന ലക്ഷ്യം മോദിയുടെ രാജി’; ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ
കൊല്ലം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യിലെ വെറുമൊരു ഉപകരണം മാത്രമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഗ്യാനേഷ് കുമാർ വെറുമൊരു പരൽമീനാണെന്നും, അദ്ദേഹത്തിന്റെ രാജി മാത്രമല്ല മറിച്ച് നരേന്ദ്ര മോദിയുടെ രാജിയാണ് കോൺഗ്രസും യുവാക്കളും യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാന്ധിജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് കൊല്ലം ചിന്നക്കടയിൽ സംഘടിപ്പിച്ച ‘ജെൻ ഇന്ത്യ മൂവ്മെന്റ്’ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളിൽ ഡൽഹിയിലും രാജ്യത്തുടനീളവും സമരങ്ങൾ കൂടുതൽ ശക്തമാകുമെന്നും, ഈ ജനരോഷത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഗ്യാനേഷ് കുമാറിനും രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കളത്തിൽ തികച്ചും നിഷ്പക്ഷനായി നിൽക്കേണ്ട റഫറി ഒരു ടീമിനൊപ്പം ചേർന്ന് കള്ളം പറയുന്നതിന് തുല്യമാണ് ഗ്യാനേഷ് കുമാറിന്റെ നിലപാടെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. മുൻ കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ മൂന്ന് വിജിലൻസ് കേസുകളിൽ പ്രതിയായിരുന്നു. അമിത് ഷായ്ക്ക് വേണ്ടി ജമ്മു കശ്മീരിനെ മൂന്നായി വിഭജിച്ചതും അദ്ദേഹമാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയവർ വിരമിച്ച ശേഷം അവർക്കെതിരെ കേസെടുക്കാൻ നിയമപരമായി സാധിക്കും. എന്നാൽ, വിരമിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന രീതിയിൽ നിയമഭേദഗതി വരുത്തി, ആജീവനാന്ത സംരക്ഷണം ഉറപ്പാക്കിയാണ് ബി.ജെ.പി സർക്കാർ ഗ്യാനേഷ് കുമാറിനെ ഈ പദവിയിൽ എത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
എസ്.ഐ.ആർ നടപടികളിലൂടെ രാജ്യത്തെ 13.3 കോടി വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്കും ഗ്യാനേഷ് കുമാറിനുമെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ പോരാട്ടം നയിക്കുമ്പോൾ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും കോൺഗ്രസിനെതിരെ പ്രകോപനം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കരിങ്കൊടി പ്രതിഷേധങ്ങളെ കോൺഗ്രസ് മന്ത്രിമാർ ഭയക്കുന്നില്ലെന്നും, ഓരോ തവണ കരിങ്കൊടി കാണിക്കുമ്പോഴും അമിത് ഷായ്ക്കെതിരെ തങ്ങൾ നടത്തുന്ന സമരങ്ങൾക്ക് കൂടുതൽ വാർത്താപ്രാധാന്യം ലഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.