പരസ്യങ്ങൾക്കും പിആറിനുമായി അവസാന വര്ഷം പിണറായി സര്ക്കാര് കിഫ്ബിയില് നിന്ന് ചെലവിട്ടത് 100 കോടിയിലധികം രൂപ; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ അവസാന വർഷത്തിൽ പബ്ലിക് റിലേഷൻസ് (പിആർ) പ്രവർത്തനങ്ങൾക്കും പരസ്യങ്ങൾക്കുമായി കിഫ്ബി ഫണ്ടിൽ നിന്ന് 100 കോടിയിലധികം രൂപ വകമാറ്റി ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുക എന്ന പ്രധാന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചാണ് കിഫ്ബി ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചതെന്നാണ് സൂരി ആൻഡ് കമ്പനി നടത്തിയ ഓഡിറ്റിംഗിലെ പ്രധാന കണ്ടെത്തൽ.
2025-26 വർഷത്തെ കിഫ്ബിയുടെ ഓഡിറ്റ് കണക്കുകൾ പ്രകാരമാണ് ഈ വൻ തുകയുടെ ദുരുപയോഗം പുറത്തുവന്നിരിക്കുന്നത്. സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2025 ഏപ്രിൽ-മെയ് മാസങ്ങളിൽ വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ‘എന്റെ കേരളം’ മെഗാ എക്സിബിഷനായി 96.44 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് ചെലവഴിച്ചത്. ഇതിനുപുറമെ, മുഖ്യമന്ത്രിയുടെ ‘സി.എം വിത്ത് മി’ പരിപാടിക്കായി 6.14 കോടി രൂപയും വകമാറ്റി. ഈ രണ്ട് പരിപാടികളുടെയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി സർക്കാർ ഇറക്കിയ പ്രത്യേക ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. കൂടുതൽ ഗൗരവകരമായ കാര്യം, ഈ തുകകളെല്ലാം നേരിട്ടുള്ള പ്രോജക്ട് ചെലവുകളായാണ് കിഫ്ബി രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ്.
സർക്കാരിന്റെ ഈ നടപടിക്കെതിരെ സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി വകമാറ്റിയത് തികച്ചും അനുചിതവും ഫണ്ട് ദുരുപയോഗവുമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ കെ.പി. കണ്ണൻ വിമർശിച്ചു. “കിഫ്ബി സമാഹരിക്കുന്ന ഫണ്ടുകളിൽ ഭൂരിഭാഗവും വായ്പകളിലൂടെ കണ്ടെത്തുന്നതാണ്. അത് തിരിച്ചടക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. അങ്ങനെയുള്ള കടമെടുപ്പ് ഫണ്ട് സർക്കാരിന്റെ ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കാനോ പരസ്യങ്ങൾക്കോ വേണ്ടി ചെലവഴിക്കാൻ പാടില്ല. ജനങ്ങളുടെ നികുതിപ്പണമാണെങ്കിൽ പോലും ഇത്തരം നടപടികൾ ന്യായീകരിക്കാനാകില്ല,” അദ്ദേഹം വ്യക്തമാക്കി.
കിഫ്ബി ഫണ്ട് വകമാറ്റിയ സംഭവത്തിൽ സർക്കാർ അടിയന്തരമായി ഗൗരവതരമായ പരിശോധന നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വായ്പയെടുത്ത് പി.ആർ വർക്ക് നടത്തുന്ന സർക്കാരിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഈ ഓഡിറ്റ് റിപ്പോർട്ടിലൂടെ വീണ്ടും ചർച്ചയാകുന്നത്.