22/10/2026
[fontresizer_tawhidurrahmandear_widget]

മലേഷ്യൻ പൗരന്റെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ

 മലേഷ്യൻ പൗരന്റെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. 2006-ൽ നടന്ന മലേഷ്യൻ പൗരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. കെ.പി.സി.സി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി 20 വർഷം മുൻപ് സംസ്ഥാനത്ത് നടന്ന വിജിലൻസ് അന്വേഷണത്തിന്റെ ഫയലുകൾ ആഭ്യന്തര വകുപ്പ് വിളിച്ചുവരുത്തിയിട്ടുണ്ട്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നിർണായക നീക്കം.

എം.സി റോഡ് വികസന പദ്ധതിയുടെ കരാർ ഏറ്റെടുത്തിരുന്ന പതി-ബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജറായിരുന്ന ലീ സീ ബീൻ എന്ന മലേഷ്യൻ പൗരൻ 2006-ൽ മലേഷ്യയിലാണ് ആത്മഹത്യ ചെയ്തത്. ആ സമയത്ത് കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാർ. പദ്ധതിയുടെ തുക പാസാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ കടുത്ത സമ്മർദ്ദമാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ലീ തന്റെ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ അന്നത്തെ വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെക്കുറിച്ചും പ്രത്യേക പരാമർശമുണ്ടായിരുന്നു.

തുടർന്ന്, പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ അന്നത്തെ എൽ.ഡി.എഫ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രാഥമിക പരിശോധനകൾ നടന്നതല്ലാതെ പിന്നീട് തുടർനടപടികളൊന്നും ഉണ്ടായില്ല. ലീയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഗ്യാനേഷ് കുമാറിന് പങ്കുണ്ടെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പഴയ വിജിലൻസ് ഫയലുകൾ വീണ്ടും തുറന്നുള്ള പുതിയ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

Also read: