‘പ്രിയദർശിനി സൗജന്യ യാത്ര വരുത്തിവെച്ച നഷ്ടം താങ്ങാനാവുന്നില്ല’; സ്വകാര്യ ബസുടമകൾ ഒക്ടോബർ 14-ന് സെക്രട്ടേറിയറ്റ് മാർച്ചിലേക്ക്, അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്
തൃശൂർ: സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും സൗജന്യ യാത്ര ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിട്ടതായി പരാതി. പദ്ധതി മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 14-ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ ബസുടമകളുടെ സംഘടന തീരുമാനിച്ചു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെ ഭീമമായ വരുമാന നഷ്ടമാണ് പ്രതിദിനം ഉണ്ടാകുന്നത്. ബസുടമകൾക്കും തൊഴിലാളികൾക്കും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തര സാമ്പത്തിക പാക്കേജോ നഷ്ടപരിഹാരമോ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ഇതിനുപുറമെ, ഇന്ധനവിലയും മറ്റ് പ്രവർത്തനച്ചെലവുകളും കുതിച്ചുയരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ ഉൾപ്പെടെ പുനഃപരിശോധിച്ച് ബസ് ചാർജ് വർധിപ്പിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു.
ഒക്ടോബർ 14-ലെ സെക്രട്ടേറിയറ്റ് മാർച്ചിന് ശേഷവും സർക്കാർ അനുഭാവപൂർണ്ണമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം. ഒക്ടോബർ അവസാന വാരത്തോടെ സെക്രട്ടേറിയറ്റിന് മുന്നിൽ ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. തുടർന്നും പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനത്തുടനീളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും ഫെഡറേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.