അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി; പരിക്കേറ്റയാളുമായി പോയ ആംബുലൻസിൽ കയറി ഡ്രൈവർ മുങ്ങി
മലപ്പുറം: മലപ്പുറം മമ്പാടിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎയും മദ്യക്കുപ്പികളും പോലീസ് പിടികൂടി. അപകടമുണ്ടാക്കിയ കാറിലെ ഡ്രൈവർ, പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിൽ കയറി രക്ഷപ്പെട്ടു. നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട കാർ ആദ്യം ഒരു സ്‌കൂട്ടറിലും തുടർന്ന് മറ്റ് രണ്ട് കാറുകളിലുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്‌കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനായി എത്തിയ ആംബുലൻസിലാണ് കാർ ഡ്രൈവറും കൂടെക്കയറിയത്. എന്നാൽ ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ ഇയാൾ അവിടെനിന്ന് വിദഗ്ധമായി മുങ്ങുകയായിരുന്നു.
അപകടവിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കാറിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഡ്രൈവിങ് സീറ്റിന് സമീപത്തുനിന്നാണ് 0.5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇതിന് പുറമെ കാറിൽ നിന്ന് മദ്യക്കുപ്പികളും ലഭിച്ചതായി പോലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.