‘പാരീസ് വൈകാതെ മുസ്ലിം നഗരമാകും’: ഫ്രാൻസിലെ പ്രക്ഷോഭങ്ങളിൽ ഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: ഫ്രഞ്ച് തലസ്ഥാനമായ പാരീസ് വൈകാതെ മുസ്ലിം നഗരമായി മാറുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നിലവിൽ തുടരുന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാൻസിലെ അക്രമസംഭവങ്ങൾക്ക് കാരണം കുടിയേറ്റമാണെന്ന് ട്രംപ് ആരോപിച്ചു. രാജ്യത്തെ അതിർത്തികൾ അടച്ചുപൂട്ടി കുടിയേറ്റം പൂർണമായി നിയന്ത്രിക്കണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനോടും മറ്റ് യൂറോപ്യൻ രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.
“ഫ്രാൻസിൽ ഇപ്പോൾ നടക്കുന്നത് സ്കൂളുകളെയോ മറ്റ് വിഷയങ്ങളെയോ സംബന്ധിച്ചുള്ള പ്രക്ഷോഭമല്ല, മറിച്ച് കേവലം കുടിയേറ്റം കാരണം ഉണ്ടാകുന്നതാണ്. അതിർത്തികൾ പൂർണമായി അടയ്ക്കണമെന്ന് ഞാൻ മാക്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ട്രംപ് വ്യക്തമാക്കി. ലോകത്തെമ്പാടുമുള്ള ആളുകളെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത് വലിയ തെറ്റാണെന്ന് താൻ മുൻപും മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.