‘എനിക്ക് എട്ട് നൊബേൽ ലഭിക്കേണ്ടതായിരുന്നു, നവി പിള്ള കേട്ടുകേൾവി പോലുമില്ലാത്ത വ്യക്തി’; സമാധാന പുരസ്കാരം കൈവിട്ടതിൽ അതൃപ്തിയുമായി ട്രംപ്
വാഷിങ്ടൺ: ഇത്തവണയും സമാധാന നൊബേൽ പുരസ്കാരം ലഭിക്കാത്തതിൽ കടുത്ത അമർഷവും പരിഭവവും പരസ്യമാക്കി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഞാൻ അവസാനിപ്പിച്ച എട്ടു യുദ്ധങ്ങൾ കണക്കിലെടുത്ത് എനിക്ക് എട്ട് നൊബേൽ ലഭിക്കേണ്ടതായിരുന്നു” എന്നാണ് പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ട്രംപിന്റെ പ്രതികരണം. ഇന്ത്യ-പാകിസ്താൻ യുദ്ധം തടഞ്ഞതിലൂടെ മാത്രം അഞ്ചുകോടി മനുഷ്യരുടെ ജീവൻ രക്ഷിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാനെ ആണവായുധം വികസിപ്പിക്കുന്നതിൽനിന്ന് തടഞ്ഞതായും ഇറാൻ-യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇത്തവണ സമാധാന നൊബേൽ നേടിയ ഇന്ത്യൻ വംശജയായ ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവി പിള്ളയെ ‘കേട്ടുകേൾവിപോലുമില്ലാത്ത വ്യക്തി’യെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. “ജനാധിപത്യവിരുദ്ധരും നാഗരികതയുടെ ശത്രുക്കളുമായ ഒരുവിഭാഗം തീവ്രആശയക്കാർ കാരണം നൊബേൽ സമാധാന പുരസ്കാരത്തിന്റെ വിശ്വാസ്യത എന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു” എന്നും അദ്ദേഹം തുറന്നടിച്ചു.
നൊബേൽ കമ്മിറ്റിയുടെ ഈ തീരുമാനം നോർവേയ്ക്ക് മായാത്ത കളങ്കമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്തവിരോധിയാണ് നവി പിള്ള എന്ന് വിശേഷിപ്പിക്കുന്ന ഉള്ളടക്കമുള്ള കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു.
അതേസമയം, ന്യൂറംബർഗിൽ നിയമസമ്മേളനത്തിനിടെ പുരസ്കാരവാർത്തയറിഞ്ഞ് സഹപ്രവർത്തകർ എഴുന്നേറ്റുനിന്ന് കൈയടിച്ചപ്പോൾ “കുറച്ചുകൂടി കൈയടിച്ചാൽ ഈ പുരസ്കാരം ട്രംപുമായി പങ്കുവെച്ചേക്കാം” എന്നായിരുന്നു നവി പിള്ളയുടെ പരിഹാസം.
രണ്ടാമത് അധികാരത്തിലെത്തിയതുമുതൽ നൊബേൽ പുരസ്കാരത്തിൽ കണ്ണുനട്ടിരിക്കുകയാണ് ട്രംപ്. കഴിഞ്ഞതവണ കൈവിട്ടെങ്കിലും പുരസ്കാരം നേടിയ വെനസ്വേലൻ പ്രതിപക്ഷനേതാവ് കൊറീന മച്ചാഡോ അത് പിന്നീട് ട്രംപിന് സമ്മാനിച്ചിരുന്നു.