‘നിങ്ങൾ കുറച്ചുകൂടി കയ്യടിച്ചാൽ ഈ പുരസ്കാരം ട്രംപുമായി പങ്കുവെക്കാം’; യുഎസ് പ്രസിഡൻ്റിനെ പരിഹസിച്ച് നൊബേൽ പുരസ്കാര ജേതാവ് നവി പിള്ള
ബെർലിൻ: 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ പരോക്ഷമായി പരിഹസിച്ച് ദക്ഷിണാഫ്രിക്കൻ നീതിന്യായ വിദഗ്ധയും മനുഷ്യാവകാശ പ്രവർത്തകയുമായ നവി പിള്ള. ജർമനിയിലെ ന്യൂറംബർഗിൽ വെച്ച് നടന്ന മനുഷ്യാവകാശ അഭിഭാഷകരുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കവെയാണ് പുരസ്കാര വിവരം നവി പിള്ള അറിയുന്നത്.
നേട്ടത്തിന്റെ വിവരമറിഞ്ഞ് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ സന്തോഷത്തോടെ കയ്യടിച്ചപ്പോഴായിരുന്നു ട്രംപിന്റെ നൊബേൽ മോഹങ്ങളെ ട്രോളി നവി പിള്ളയുടെ പ്രതികരണം വന്നത്. നിങ്ങൾ ഇനിയും കുറച്ചുകൂടി ഉച്ചത്തിൽ കയ്യടിക്കുകയാണെങ്കിൽ ഞാൻ ഈ പുരസ്കാരം ട്രംപുമായി പങ്കുവെച്ചേക്കാമെന്ന് നവി പിള്ള തമാശരൂപേണ പറഞ്ഞു.
തനിക്ക് നൊബേൽ ലഭിച്ചെന്ന വാർത്ത കേട്ടപ്പോൾ ആദ്യം ആരോ തമാശ പറഞ്ഞതാണെന്നാണ് കരുതിയതെന്നും, ഒരു അഭിഭാഷകയും ജഡ്ജിയും എന്ന നിലയിൽ വസ്തുത ബോധ്യപ്പെടാൻ ബിബിസി ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമ വാർത്തകൾ പരിശോധിക്കേണ്ടി വന്നുവെന്നും നവി പിള്ള വ്യക്തമാക്കി. തന്റെ ഭരണകാലയളവിൽ ലോകത്തെ എട്ടോളം യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും അതിനാൽ ഇത്തവണത്തെ സമാധാന നൊബേലിന് ഏറ്റവും അർഹൻ താനാണെന്നും പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഡൊണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ ട്രംപിന്റെ ഈ അവകാശവാദങ്ങളെയും പ്രതീക്ഷകളെയും പാടെ തള്ളിക്കൊണ്ടാണ് മനുഷ്യാവകാശ സംരക്ഷണ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി തമിഴ് വംശജയായ നവി പിള്ളയെ തെരഞ്ഞെടുത്തതായി നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചത്.