‘അമേരിക്കക്കാർ ഇപ്പോൾകാണുന്നത് ബോളിവുഡ് സിനിമകൾ’; ട്രംപിന്റെ യുദ്ധഭീഷണിക്ക് ബാലയ്യ ചിത്രത്തിലെ മാസ് രംഗം പങ്കുവെച്ച് ഇറാൻ എംബസിയുടെ ട്രോൾ
ഇറാനെ നശിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ പരിഹസിച്ച് സിംബാബ്‌വെയിലെ ഇറാൻ എംബസി. നന്ദുമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രത്തിലെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചാണ് ട്രംപിനെ ലക്ഷ്യമാക്കിയുള്ള പരിഹാസം. ട്രംപ് സർക്കാർ ഹോളിവുഡിന് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നതെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ്.
“ഇറാനെ ഇല്ലാതാക്കുന്നതിനെപ്പറ്റിയാണ് ട്രംപ് സംസാരിക്കുന്നത്. ഇറാൻ പ്രതിരോധങ്ങളില്ലാതെ നിൽക്കുകയല്ലെന്ന് അദ്ദേഹത്തിന് അറിയാം. അടുത്തിടയായി അവർ (അമേരിക്കക്കാർ) ഹോളിവുഡിന് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നതെന്ന് ഞങ്ങൾക്ക് വിവരം കിട്ടിയതിനാൽ…” – ഇറാൻ എംബസി എക്സിൽ കുറിച്ചു.
ബാലകൃഷ്ണ നായകനായി 2023-ൽ പുറത്തിറങ്ങിയ ‘ഭഗവന്ത് കേസരി’ എന്ന തെലുങ്ക് ചിത്രത്തിലെ 58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് ഇറാൻ എംബസി പങ്കുവെച്ചത്. രണ്ടു സംഘങ്ങൾ പരസ്പരം വെടിയുതിർക്കുന്നതാണ് ക്ലിപ്പിൽ. 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച തെലുങ്ക് ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം നേടിയ സിനിമയാണ് ‘ഭഗവന്ത് കേസരി’.
ചൊവ്വാഴ്ച, ഐക്യരാഷ്ട്രസഭയുടെ 81-ാമത് വാർഷിക പൊതുസഭയിൽ ഇറാനെതിരെ കടുത്ത വിമർശനങ്ങളാണ് ട്രംപ് ഉന്നയിച്ചത്. സെപ്റ്റംബർ 11-ന് നടന്ന ഭീകരാക്രമണത്തെ ഇറാന്റെ പരമോന്നത നേതാവ് ആഘോഷിച്ചുവെന്ന് ട്രംപ് ആരോപിച്ചു. ഇറാനുമായി കരാർ ഒപ്പിടണമോ അതോ ഇസ്ലാമിക റിപ്പബ്ലിക്കിനെ പൂർണ്ണമായി നശിപ്പിക്കണമോ എന്നതാണ് തനിക്ക് മുന്നിലുള്ള വലിയ തീരുമാനം. അക്കാര്യത്തിലടക്കം തീരുമാനം വൈകില്ലെന്നുമാണ് യു.എസ് പ്രസിഡന്റ് പറഞ്ഞത്.